സമ്പദ്‌വ്യവസ്ഥ എങ്ങോട്ട്‌?

Sunday 17 July 2011 12:39 am IST

അഡ്വ:പി.എസ്‌.ശ്രീധരന്‍ പിള്ള സമൂഹത്തില്‍ ഒരാളും നന്നാവാതെ സമൂഹമാകെ നന്നാവുമെന്ന്‌ കരുതുന്നതിനെ വങ്കത്തമായി കണ്ട്‌ പരിഹസിച്ചയാളായിരുന്നു ഗാന്ധിജി. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ- സാമ്പത്തികമേഖലകളിലും സ്വാതന്ത്ര്യം കൈവരിക്കാനുള്ള പോരാട്ടം മഹാത്മജി തന്റെ പ്രഖ്യാപിത സമരമാര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗ്രാമസ്വരാജും ചര്‍ക്കയും കുടില്‍ വ്യവസായവും ഗോവധ നിരോധനവുമൊക്കെ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി തീര്‍ന്നത്‌ സാമ്പത്തിക മോചനംകൂടി അതിന്റെ ലക്ഷ്യമാക്കിയതുകൊണ്ടായിരുന്നു. ഗ്രാമീണ കര്‍ഷകനെ അടിസ്ഥാനമാക്കി സ്വരാജും സുരാജും കെട്ടിപ്പടുക്കണമെന്നുള്ളതായിരുന്നു രാഷ്ട്രപിതാവിന്റെ അഭിലാഷം. ഭാരതത്തിന്‌ സ്വാതന്ത്ര്യം കിട്ടുമെന്നുറപ്പായ ഘട്ടത്തില്‍ താന്‍ മുന്നോട്ടുവെച്ച സാമ്പത്തിക കാഴ്ചപ്പാട്‌ നടപ്പാക്കാനായി ഗാന്ധിജി നിയോഗിച്ച സബ്‌ കമ്മറ്റിയുടെ തലവന്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. എന്നാല്‍ ഭരണനേതൃശ്രേണിയിലെത്തി കാര്യങ്ങള്‍ രൂപപ്പെടുത്തിയ നെഹ്‌റുജി ഗാന്ധിയന്‍ സമീപനത്തിന്റെ നേരെ എതിര്‍ദിശയിലാണ്‌ നിലയുറപ്പിച്ചത്‌. ഗാന്ധിക്കുശേഷം ഗാന്ധിയന്‍ സാമ്പത്തിക സമീപനത്തെ തമസ്കരിച്ച്‌ സോവിയറ്റ്‌ മോഡല്‍ ആസൂത്രണവും സാമ്പത്തിക സംവിധാനവും ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അദ്ദേഹം അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്‌. അന്നുണ്ടായ പാളം തെറ്റല്‍ ഇപ്പോഴും നമ്മേ വേട്ടയാടുകയാണ്‌. ഇന്ത്യന്‍ ആസൂത്രണത്തിന്റെ അടിത്തറ സോവിയറ്റ്‌ രീതിയിലേക്ക്‌ തള്ളിയിട്ടവര്‍ ഉദ്ദേശിച്ച ഫലം കാണാതായപ്പോള്‍ ആശ്വാസവചനമായി പറഞ്ഞത്‌ ചൈനീസ്‌ പഴമൊഴിയായിരുന്നു. ' മള്‍ബറി ഇല സില്‍ക്കായി തീരാന്‍ കാത്തിരിപ്പ്‌ ആവശ്യമാണ്‌' എന്നതായിരുന്നു ന്യായം. പക്ഷേ ആറു പതിറ്റാണ്ടുകള്‍ക്ക്‌ ശേഷവും നാം നോക്കുമ്പോള്‍ മള്‍ബറിയുമില്ല സില്‍ക്കുമില്ല മറിച്ച്‌ കാത്തിരുപ്പുമാത്രം നീളുന്നു എന്നതാണ്‌ രാജ്യത്തിന്റെ ദുരവസ്ഥ. ആസൂത്രണകാര്യത്തില്‍ സോവിയറ്റ്‌ മോഡല്‍ തേടിയത്‌ തെറ്റായിരുന്നു എന്ന്‌ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുജി അന്തരിക്കുന്നതിനു കുറച്ചു നാള്‍ മുമ്പു തുറന്നു സമ്മതിച്ചിട്ടുണ്ട്‌. 1950 കളില്‍ മാനവരാശിക്കുമുമ്പില്‍ കത്തിജ്വലിച്ചു നിന്നിരുന്ന ലോകകമ്യൂണിസത്തിന്റെ മേലങ്കി കടം വാങ്ങിയണിഞ്ഞ്‌ മേനി നടിക്കാനും കയ്യടി വാങ്ങാനുമുള്ള ശ്രമത്തില്‍ നമുക്ക്‌ കനത്ത നഷ്ടമാണുണ്ടായത്‌. ഭാരതത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന അര്‍ത്ഥശാസ്ത്രം ശരിയെന്നു സ്ഥാപിക്കാനുള്ള അവസരം ഭാരതത്തിനു നഷ്ടപ്പെടുകയും ഇന്ത്യന്‍ ആസൂത്രണം തൊഴുത്തുമാറ്റി കെട്ടിയാലും പ്രസവിക്കാത്ത മച്ചിപ്പശുവാകുകയും ചെയ്തു. നമ്മുടെ സ്വത്വത്തിനും പാരമ്പര്യത്തിനും ജീവിതരീതിക്കും മാനുഷിക- പ്രകൃതിവിഭവങ്ങള്‍ക്കും അനുസൃതമായ ഒരു സാമ്പത്തിക വികസനരീതി നടപ്പിലാക്കാന്‍ ശ്രമിച്ചില്ല എന്ന കുറ്റത്തിന്‌ സ്വതന്ത്ര ഇന്ത്യ പ്രതിക്കൂട്ടിലാണുള്ളത്‌. ഉല്‍പാദനരംഗമൊട്ടാകെ പൊതു ഉടമയില്‍ കൊണ്ടുവരുന്നതോടെ എല്ലാവര്‍ക്കും ആവശ്യമുള്ളതെല്ലാം പൊതു മേഖല നല്‍കുമെന്ന അബദ്ധജടിലമായ മാര്‍ക്സിയന്‍ സങ്കല്‍പ്പത്തിന്റെ ദാരുണമായ അന്ത്യത്തിനാണ്‌ ഇന്ത്യയിലുള്‍പ്പെടെ കഴിഞ്ഞ നൂറ്റാണ്ട്‌ സാക്ഷ്യം വഹിച്ചിട്ടുള്ളത്‌. മുതലാളിത്തം അതിന്റെ ജീര്‍ണ്ണതയും ആന്തരിക വൈരുദ്ധ്യങ്ങളുംകൊണ്ട്‌ അപചയത്തിന്റെ ആഴക്കയങ്ങളിലാണുള്ളത്‌. 1991ല്‍ 44 കൊല്ലത്തെ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട്‌ തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗത്തിന്റെ ദയനീയ ചിത്രം അന്നത്തെ ധനകാര്യമന്ത്രി ശ്രീ മന്‍മോഹന്‍സിംഗ്‌ പാര്‍ലമെന്റിലവതരിപ്പിച്ചതാണ്‌ ഉദാരവല്‍ക്കരണമെന്ന്‌ വിവരിക്കുന്ന പ്രമാണം. കാര്‍ഷിക തകര്‍ച്ച, വിദേശനാണ്യശേഖരത്തിന്റെ അഭാവം, കാലിയായ ഖജനാവ്‌, വികസന മുരടിപ്പ്‌, നാണയപ്പെരുപ്പം, വിലക്കയറ്റം എന്നിവകൊണ്ട്‌ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ്‌ മന്‍മോഹന്‍സിംഗ്‌ അന്ന്‌ സമര്‍ത്ഥിച്ചത്‌. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അപകടകരമാംവിധം തകര്‍ന്നതിനാല്‍ പ്രതിപക്ഷത്തിന്റെ സഹായം വേണമെന്നാണ്‌ ഇപ്പോഴത്തെ പ്രധാനമന്ത്രി അന്ന്‌ പാര്‍ലമെന്റില്‍ അഭ്യര്‍ത്ഥിച്ചത്‌. നാടിന്റെ ദുരവസ്ഥ പരഹരിക്കണമെന്ന ആവശ്യത്തോട്‌ ദേശസ്നേഹ നിര്‍ഭരമായ നിലപാട്‌ സ്വീകരിച്ച ബിജെപിയുടെയും മറ്റും സമീപനം യഥാര്‍ത്ഥത്തില്‍ നരസിംഹറാവുവും മന്‍മോഹന്‍സിംഗും മുതലെടുക്കുകയായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചൂഷണത്തില്‍ നിന്നും മോചിതയായ ഇന്ത്യ എന്തുകൊണ്ട്‌ സാമ്പത്തികപ്രയാസത്തില്‍ നാലു പതിറ്റാണ്ട്‌ പരാജയപ്പെട്ടു എന്ന ചോദ്യം ഉയര്‍ത്താനോ ചര്‍ച്ചയ്ക്ക്‌ വിധേയമാക്കാനോ ജനങ്ങളേ ബോധവല്‍ക്കരിക്കാനോ 90 കളിലെ പ്രതിപക്ഷത്തിന്‌ സാധിക്കാതെ പോയി എന്നത്‌ യഥാര്‍ത്ഥത്തില്‍ പോരായ്മ തന്നെയായിരുന്നു. ഇനിയെങ്കിലും ഈ പരാജയം ജനങ്ങള്‍ ചര്‍ച്ചയും വിശകലനവും നടത്തി വ്യക്തത കൈവരിക്കേണ്ടതുണ്ട്‌. ഇപ്പോള്‍ ഇതൊക്കെ പൊടിതട്ടി സൂചിപ്പിക്കുവാന്‍ കാരണം രാജ്യം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ അടിവെച്ചു പോകുന്നു എന്ന സത്യം ഓര്‍മ്മിപ്പിക്കാനാണ്‌. അഴിമതിയുടെ സുനാമിയില്‍ അന്ധാളിച്ചു നില്‍ക്കുന്ന രാജ്യമാണ്‌ ഇന്ത്യ. 1947 മുതല്‍ അര നൂറ്റാണ്ടുകാലത്തിനിടയില്‍ കോണ്‍ഗ്രസ്സ്‌ നേതാക്കളും ഭരണമേധാവികളും നടത്തിയ അഴിമതികളുടെ പട്ടിക നീണ്ടതാണ്‌. സ്വാതന്ത്ര്യം കിട്ടി ആദ്യ ദശകത്തില്‍ തന്നെ രണ്ടു കേന്ദ്ര ധനകാര്യമന്ത്രിമാര്‍ അഴിമതി- കുംഭകോണങ്ങളുടെ കരിമ്പാറകെട്ടുകളില്‍ തട്ടി കാല്‍വഴുതി വീണിരുന്നു. ഷണ്‍മുഖം ചെട്ടിയാരും ടി.ടി.കൃഷ്ണമാചാരിയുമായിരുന്നു ഈ മന്ത്രിമാര്‍. 1984 ല്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ സീറ്റുകള്‍ നേടി ജനങ്ങള്‍ നല്‍കിയ ' മിസ്റ്റര്‍ ക്ലീന്‍' എന്ന ബഹുമതിയുമായെത്തിയ രാജീവ്ഗാന്ധിയെ പിന്നീട്‌ ജനങ്ങള്‍ നിലംപരിശാക്കിയത്‌ ബോഫോഴ്സ്‌ അഴിമതി പുറത്തുവന്നപ്പോഴായിരുന്നു. എന്നാല്‍ ഇത്തരം അഴിമതികളൊക്കെ കുറ്റകരവും അധാര്‍മ്മികവും ക്രമക്കേടുകളുമെന്ന നിലയില്‍ ഗൗരവമുള്ളവയെന്നതിനപ്പുറം അവ ഇന്ത്യന്‍ ഖജനാവിനെ തകര്‍ക്കാന്‍ കെല്‍പുള്ളവയായിരുന്നില്ല. എന്നാലിപ്പോള്‍ സ്ഥിതി അതല്ല. 2010-11ല്‍ ഭരണഘടനാ സംവിധാനങ്ങളും ഉന്നത നീതിപീഠങ്ങളും വഴി തുറന്നുകാട്ടപ്പെട്ടിട്ടുള്ള ടു.ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി തുടങ്ങിയ കൊള്ളകളിലൂള്‍പ്പെട്ട തുകകള്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്നവയാണ്‌. വിദേശത്തുള്ള കള്ളപ്പണത്തിന്റെ പുറത്തുവന്ന കണക്കുകളിലൂടെ അനാവരണം ചെയ്യപ്പെട്ട തുകയും ഭീമമാണ്‌. ഇന്ത്യയുടെ പ്രഖ്യാപിതലക്ഷ്യം ക്ഷേമരാഷ്ട്രമാണ്‌. ഓരോ പൗരന്റയും ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കേണ്ട തുകയാണ്‌ ഖജനാവിലെ പണമെന്ന്‌ ഭരണഘടന നിഷ്കര്‍ഷിക്കുന്നു. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള അഴിമതികളിലുള്‍പ്പെട്ട പണം നഷ്ടപ്പെടുകവഴി സാധാരണക്കാരനവകാശപ്പെട്ട്‌ അവന്റെ ക്ഷേമത്തിനുള്ള പണമാണ്‌ കവര്‍ച്ച ചെയ്യപ്പെടുന്നത്‌. അതുകൊണ്ട്‌ അഴിമതിക്കേസ്സുകളിലുള്‍പ്പെട്ട പണം തിരിച്ചു പിടിച്ച ഖജനാവിലെത്തിക്കാനുള്ള നടപടികള്‍ അത്യന്താപേക്ഷിതമാണ്‌. രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഒട്ടും ആശ്വാസകരമല്ല. പണപ്പെരുപ്പം വീണ്ടും കൂടി 9.44 % മായിരിക്കുന്നു. ഭക്ഷ്യവിലപ്പെരുപ്പം 8.31% ആണിപ്പോള്‍. ജൂലൈ 2ന്‌ അവസാനിച്ച ആഴ്ചയിലെ കണക്കു നോക്കിയാല്‍ പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 13.54 ശതമാനവും ധാന്യവിലയില്‍ 5.40 ശതമാനവും ഉള്ളി വിലയില്‍ 30.72 %വും വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്‌. ജൂണിലെ ഇന്ധന, ഊര്‍ജ്ജ സൂചികയിലുണ്ടായ വര്‍ദ്ധനയ്ക്കു പുറമേയാണിത്‌. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍തന്നെ നൂറു ദിവസംകൊണ്ട്‌ വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന്‌ രാജ്യത്തിന്‌ ഉറപ്പുനല്‍കിയിരുന്നു. എഐസിസി സമ്മേളനത്തിലും കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷയും പ്രധാനമന്ത്രിയും ഈ ഉറപ്പ്‌ ആവര്‍ത്തിക്കുകയും യുദ്ധകാല അടിസ്ഥാനത്തില്‍ വിലക്കയറ്റം പിടിച്ചു നില്‍ത്തുമെന്ന്‌ പ്രസ്താവിച്ച്‌ കൈയ്യടിവാങ്ങുകയും ചെയ്തിരുന്നു. പക്ഷേ വിലക്കയറ്റം നിയന്ത്രിക്കപ്പെട്ടിട്ടില്ല. നിയന്ത്രണം വിട്ട രീതിയില്‍ ഇന്ത്യ സാമ്പത്തിക കമ്മിയാല്‍ വഴുതി വീഴുകയാണ്‌. ബജറ്റിലെ പ്രഖ്യാപനത്തില്‍ മുഴച്ചു നില്‍ക്കുന്നതല്ലാതെ റവന്യൂ വരുമാനം വേണ്ട രീതിയില്‍ ഇവിടെ പിരിച്ചെടുക്കുന്നില്ല. പെട്രോളിയം പ്രതിസന്ധി നമ്മേ കൊല്ലാക്കൊല ചെയ്യുന്നു. ഒരുകാലത്ത്‌ ഇന്ത്യയുടെ ആവശ്യത്തിന്റെ 70% പെട്രോളിയം ഉല്‍പാദിപ്പിച്ചിരുന്ന ഇന്ത്യ ഇപ്പോള്‍ 90% വും ഇറക്കുമതി ചെയ്യുകയാണ്‌. ബിജെപി സര്‍ക്കാരിന്റെ കാലത്ത്‌ സാമ്പത്തിക വളര്‍ച്ച 9.4% വരെ എത്തിയഘട്ടമുണ്ടായിരുന്നു. എന്നാല്‍ പതിനൊന്നാം പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ ചുരുങ്ങുകയും 9% വളര്‍ച്ച കൈവരിക്കുക ബുദ്ധിമുട്ടാണെന്ന്‌ പ്ലാനിങ്ങ്‌ കമ്മീഷന്റെ ആദ്യ യോഗത്തില്‍തന്നെ ഉപാദ്ധ്യക്ഷന്‍ മോണ്ടേസിംഗ്‌ ആലുവാലിയ പ്രഖ്യാപിക്കുകയും ചെയ്തു. യുപിഎ അധികാരമേറ്റെടുക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച 8-9 ശതമാനമായിരുന്നത്‌ 2008-2009ല്‍ 6.70 ശതമാനമായി കുറയുകയാണുണ്ടായത്‌. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ലേബലില്‍ രക്ഷപ്പെടാനുള്ള പാഴ്ശ്രമം കേന്ദ്രം ഉപേക്ഷിക്കയാണ്‌ വേണ്ടത്‌. അമേരിക്കയുടെയും മറ്റും സാമ്പത്തിക പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു അവസരമാക്കി മാറ്റി നേട്ടമുണ്ടാക്കേണ്ടിയിരുന്നു. വാഗ്ദാനങ്ങളുടെ പെരുമഴയിലും പ്രസ്താവനകളുടെ കുത്തൊഴുക്കിലും ഒതുങ്ങി നില്‍ക്കുകയാണ്‌ യുപിഎയുടെ സാമ്പത്തിക വളര്‍ച്ച. അര്‍ജ്ജുന്‍സെന്‍ ഗുപ്ത റിപ്പോര്‍ട്ടനുസരിച്ച്‌ ഇന്ത്യയിലെ മുതിര്‍ന്ന ജനങ്ങളില്‍ 77 ശതമാനവും പ്രതിദിനം 20 കയില്‍ താഴെ വരുമാനവുമുള്ളവരാണ്‌. തകരുന്ന പൊതു സംവിധാനവും വരളുന്ന സമ്പദ്‌വ്യവസ്ഥയുമാണ്‌ കോണ്‍ഗ്രസ്സിന്റെ നേട്ടം. ലോകത്തൊട്ടാകെ ഒരു നേരത്തേ ഭക്ഷണമെങ്കിലും നിത്യേന തരപ്പെടുത്താനാവാത്തവരുടെ എണ്ണം 85 കോടിയാണ്‌. ഇതില്‍ 50 കോടിയും ഇന്ത്യയിലാണുള്ളത്‌. നികുതിയുടെ പേരില്‍ കൂടുതല്‍ പിഴിയപ്പെടുന്ന ജനങ്ങള്‍ ഇന്ത്യാക്കാരാണ്‌. പോട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ ഏറ്റവും കൂടുതല്‍ നികുതിയും സെസ്സും പിരിക്കുന്ന അര ഡസന്‍ രാജ്യങ്ങളില്‍ ഇന്ത്യയും പെടുന്നു. ജനക്ഷേമത്തിന്‌ ചിലവഴിക്കുന്ന തുക അര്‍ഹരായവര്‍ക്ക്‌ എത്താതെ ഇടയ്ക്കുവെച്ച്‌ ഇവിടെ അപഹരിക്കപ്പെടുകയാണ്‌. 2009ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷക പ്രശ്നപരിഹാരത്തിനായി ഒഴുക്കിയ 82000 കോടി ക എവിടെപ്പോയി എന്ന ചോദ്യത്തിന്‌ ഇപ്പോഴും ഉത്തരം ലഭ്യമല്ല. കാര്‍ഷിക ആത്മഹത്യാനിരക്ക്‌ കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല 30 മിനുറ്റില്‍ ഒരു മരണം ഇവിടെ സംഭവിക്കുന്നു. സര്‍ക്കാരിന്റെ തൊഴിലവസരപദ്ധതികളും തൊഴിലുറപ്പു പദ്ധതികളും കെടുകാര്യസ്ഥതയിലും വാഗ്ദാന ലംഘനങ്ങളിലും മുങ്ങിയുമിരിക്കയാണ്‌. 1980 കളില്‍ ഭക്ഷ്യധാന്യ ഉപഭോഗം പ്രതിവര്‍ഷം 178 കി.ഗ്രാമായിരുന്നത്‌ 2006ല്‍ 156 ആയി കുറഞ്ഞിരിക്കയാണ്‌. ചുരുക്കത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ സമ്പദ്‌വ്യവസ്ഥ ഒരടി മുന്നോട്ട്‌ പോയാല്‍ രണ്ടടി പിന്നോട്ട്‌ എന്ന ദുരവസ്ഥയിലാണ്‌ കോണ്‍ഗ്രസ്സ്‌ കാര്യങ്ങളെ എത്തിച്ചത്‌. ഗാന്ധിജി എന്ന ക്രാന്തദര്‍ശി വെച്ച കാല്‍വെയ്പ്പുകള്‍ അദ്ദേഹത്തിന്റെ മരണത്തോടെ അപൂര്‍ണ്ണതയുടെ കുറ്റിയില്‍ കെട്ടിക്കറക്കുകയാണ്‌. പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യായയും ഡോ.റാം മനോഹര്‍ ലോഹ്യയുമൊക്കെ വ്യത്യസ്തരൂപത്തിലാണെങ്കിലും ഭാരതീയ അര്‍ത്ഥശാസ്ത്രം അഥവാ ഗാന്ധിയന്‍ മാര്‍ഗ്ഗം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചവരാണ്‌. പക്ഷേ ഗാന്ധിജിയെ വിപണന ഉല്‍പന്നമാക്കി ചൂഷണം ചെയ്തവര്‍ സൃഷ്ടിച്ച മതിലുകള്‍ അതിനും തടസ്സം സൃഷ്ടിച്ചു. വാജ്പേയിയുടെ നേതൃത്വത്തില്‍ പുനര്‍സൃഷ്ടിയ്ക്കുള്ള ശ്രമം തുടങ്ങിയെങ്കിലും അതും പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചില്ല. ഗാന്ധിജിയും ദീനദയാല്‍ജിയും ലോഹ്യയും ജെ.പി.യുമൊക്കെ മുന്നോട്ടുവെച്ച ഭാരതീയ കാഴ്ചപ്പാടുകളുടെ പൊതുഅംശങ്ങളെ ചികഞ്ഞെടുത്ത്‌ പുനരാവിഷ്കരിച്ചു നടപ്പാക്കുക മാത്രമാണ്‌ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വിജയപ്രദമാക്കാനുള്ള പ്രായോഗികമാര്‍ഗ്ഗം.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.