വാഹനഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല

Thursday 26 October 2017 10:07 pm IST

കോഴിക്കോട്: നവീകരണം പൂര്‍ത്തിയാകുന്ന മിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്ന നിലപാടിനെതിരെ വ്യാപാരികളുടെ പ്രതിഷേധ മനുഷ്യച്ചങ്ങല. സംഘടനകളുടെ ബാനറില്ലാതെ വ്യാപാരികള്‍ ഒറ്റക്കെട്ടായാണ് മനുഷ്യചങ്ങലയില്‍ പങ്കെടുത്തത്. വ്യാപാരികള്‍ക്കു പുറമെ കടകളിലെ ജീവനക്കാരും ചുമട്ടുതൊഴിലാളികളും ചങ്ങലയില്‍ പങ്കെടുത്തു. നവംബര്‍ ഒന്നിന് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി മിഠായിത്തെരുവ് തുറന്ന് കൊടുക്കാനാണ് തീരുമാനം. എന്നാല്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. ഇതിനെതിരെയാണ് വ്യാപാരികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മിഠായിത്തെരുവിലെ വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ മനുഷ്യച്ചങ്ങലയില്‍ നൂറ് കണക്കിന് വ്യാപാരികള്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹസന്‍കോയ വിഭാഗം, മിഠായിത്തെരുവ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, മിഠായിത്തെരുവ് സംരക്ഷണ സമിതി, പീസ് ഗുഡ്‌സ് മര്‍ച്ചന്റസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു. മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ എല്ലാ വ്യാപാരി സംഘടനകളും ചേര്‍ന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു. ഭാഗികമായ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ആരും എതിരല്ല, എന്നാല്‍ പൂര്‍ണ്ണമായ വാഹന നിരോധനം ശരിയായ നടപടിയല്ല. മിഠായിത്തെരുവില്‍ വീടുകളുണ്ട്. അവര്‍ക്ക് വാഹനത്തില്‍ പോകേണ്ടി വരും. മിഠായിത്തെരുവില്‍ വരുന്നവരുടെ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. വ്യാപാര കേന്ദ്രമാണ് മിഠായിത്തെരുവ് അല്ലാതെ കാഴ്ച തെരുവല്ല. ഒരു കാരണവശാലും മിഠായിത്തെരുവിന്റെ വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തെ അംഗീകരിക്കില്ല. സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ഭരണഘടനാ ലംഘനമാണ്. വികസനത്തിന് വ്യാപാരികള്‍ എതിരല്ല. മിഠായിത്തെരുവിനെ തകര്‍ക്കാനുള്ള നീക്കം ചില ശക്തികളുടെ നേതൃത്വത്തില്‍ നടക്കുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വേണ്ടി വന്നാല്‍ ജീവന്‍ നല്‍കിയും വാഹനഗതാഗതത്തെ ഒഴിവാക്കുന്നതിനെ തടയുമെന്നും നേതാക്കള്‍മുന്നറിയിപ്പ് നല്‍കി. മനുഷ്യച്ചങ്ങല സൂചന മാത്രമാണെന്നും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മിഠായിത്തെരുവ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് നടരാജ സ്വാമി, വ്യാപാരി വ്യവസായി ഏകോപന സമിതി ഹസന്‍കോയ വിഭാഗം സംസ്ഥാന സെക്രട്ടറി സുനില്‍കുമാര്‍, ഫൈസല്‍ കൂട്ടമ്മാരം, ഹാഷിം, ടി.പി. അബ്ദുല്‍ ഷെഫീഖ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.