താലിബാന്‍ ഹംസ ഐഎസിന്റെ മുഖ്യ കണ്ണി

Thursday 26 October 2017 11:19 pm IST

കണ്ണൂര്‍: കണ്ണൂരില്‍ അറസ്റ്റിലായ തലശ്ശേരി ചിറക്കര സ്വദേശി ഹംസ ഐഎസിന്റെ കേരളത്തിലെ മുഖ്യ കണ്ണി. ഇയാള്‍ക്ക് രാജ്യാന്തരതലത്തില്‍ തീവ്രവാദികളുമായി ബന്ധമുളളതായും പോലീസ് കണ്ടെത്തി. കനകമലയില്‍ നടന്ന ക്യാമ്പുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഐഎസിലേക്ക് ജില്ലയില്‍ നിന്നും മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഹംസ മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. എന്‍ഐഎ പലതവണ ഇയാളെ ചോദ്യം ചെയ്തു. 2016 ഡിസംബര്‍ 28 നും അന്വേഷണ സംഘം തലശ്ശേരിയിലെത്തി ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്‍ഐഎ ഡിവൈഎസ്പി അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തിലുളള സംഘം ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളില്‍ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പോലീസ് വിട്ടയക്കുകയായിരുന്നു. എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്ത് വിളിച്ചുവരുത്തിയും ഹംസയെ ചോദ്യം ചെയ്യുകയുണ്ടായി. ഇന്ത്യയിലും വിദേശത്തും ജയിലില്‍ കഴിയുന്ന ഐഎസ് ബന്ധമുളള മലയാളികള്‍ പിടിക്കപ്പെടും മുമ്പ് ഇയാളുമായി ബന്ധപ്പെടാറുളളതായി പോലീസ് കണ്ടെത്തിയിരുന്നു. ഹംസ കുടുംബക്കാരെയുള്‍പ്പെടെ നിര്‍ബന്ധിച്ച് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ജീവിതത്തിന്റെ പരിശീലനത്തിനായി ഇയാള്‍ പലപ്പോഴും ഇരുട്ടുമുറിയില്‍ കഴിയുക പതിവാണെന്നും കണ്ടെത്തി. തലശ്ശേരി ചിറക്കര സീതിസാഹിബ് റോഡില്‍ താമസിക്കുന്ന ഇയാളെ അറബി ഹംസ, താലിബാന്‍ ഹംസ, ബിരിയാണി ഹംസ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. 20 വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്ത ഹംസ അറബ് പാരമ്പര്യ ചികിത്സയും നടത്താറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് ബഹ്‌റിനില്‍ എത്തിച്ച് അവിടെ നിന്നാണ് തീവ്രമതപഠനവും ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള മുറകളും പഠിച്ചതെന്നാണ് വിവരം. തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഹംസ എന്നു കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ ഒരു സ്ഥാപനത്തില്‍ പാചക ജോലിക്കാരനായിരിക്കെയാണ് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി ഹംസ അടുക്കുന്നത്. ഈ ബന്ധം വളര്‍ന്നാണ് കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്റ് എന്ന നിലയിലേക്ക് ഉയര്‍ന്നത്. ബഹ്‌റിനില്‍ ഒരു കാറ്ററിംഗ് സെന്റര്‍ വഴിയും കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐസിസിലേക്ക് എത്തിച്ചിട്ടുണ്ട്. വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ ഏകോപനവും ചുമതലക്കാരനും താലിബാന്‍ ഹംസ തന്നെയാണ്. അടുത്ത കാലത്താണ് ഇയാള്‍ മൊഡ്യൂള്‍ തലവനായി വളര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.