നാണംകെട്ട യാത്ര

Friday 27 October 2017 1:26 am IST

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫൈസല്‍ കാരാട്ടിന്റെ കാറില്‍ ജനജാഗ്രത യാത്ര നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ഏഴാം പ്രതിയുടെ കാറില്‍ ജനജാഗ്രതായാത്ര നയിച്ച നാണക്കേടില്‍ നിന്ന് കരകയറാനാവാതെ സിപിഎം. കാരാട്ട് ഫൈസലിന്റെ കാര്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് കാറില്‍ കയറിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്. ഫൈസലിന് സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചതും പാര്‍ട്ടിയെ വെട്ടിലാക്കി.

പ്രാദേശിക നേതൃത്വമാണ് മിനി കൂപ്പര്‍ കാര്‍ വാടകക്കെടുത്തതെന്ന കോടിയേരിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും തെളിഞ്ഞു. പ്രാദേശിക നേതൃത്വം ഏര്‍പ്പാടാക്കിയ തുറന്ന ജീപ്പ് ഒഴിവാക്കിയാണ് ആഡംബര കാറില്‍ കോടിയേരി യാത്ര ചെയ്തത്. കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖുമായി അടുത്ത ബന്ധമുള്ള കാരാട്ട് ഫൈസലിന് കോടിയേരി ബാലകൃഷ്ണനുമായും ഉറ്റ ബന്ധമുണ്ടെന്നുമുള്ള സൂചനകളാണ് പുറത്തു വരുന്നത്. ഇവരുടെ ഉറ്റ ബന്ധം തുറന്നു കാട്ടി ബിജെപി രംഗത്ത് വന്നതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി. റസാഖിന്റെ അടുത്ത ബിസിനസ് പങ്കാളിയാണ് ഫൈസലെന്നും സൂചനയുണ്ട്.

ഫൈസലിന്‌കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യായീകരിക്കാന്‍ ശ്രമിച്ച സിപിഎമ്മിന് തിരിച്ചടിയായത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ വെളിപ്പെടുത്തലാണ്. ഫൈസലിനൊപ്പം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും ഷഹബാസ് ഇന്നലെ വെളിപ്പെടുത്തി. കൊടുവള്ളി, കുന്നംകുളം പോലീസ് സ്റ്റേഷനുകളില്‍ ഫൈസലിനെതിരെ കേസുള്ള വിവരവും പുറത്തുവന്നു. 1000 കിലോ സ്വര്‍ണ്ണം കടത്തിയ കേസിലാണ് ഫൈസല്‍ ഏഴാം പ്രതി. താനുമായി ഉറ്റ ബന്ധമാണ് ഫൈസലിനുള്ളതെന്നു ഷഹബാസ് പറഞ്ഞതും സിപിഎമ്മിന്റെ ന്യായീകരണ ശ്രമങ്ങളുടെ മുനയൊടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.