ചാണ്ടി നിലം നികത്തിയത് മന്ത്രിയായ ശേഷം

Friday 27 October 2017 1:26 am IST

  ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍നിലവും മിച്ചഭൂമിയുംകൈയേറി നികത്തിയത് സത്യപ്രതിജ്ഞ ചെയ്ത ശേഷമാണെന്നു കണ്ടെത്തിയതോടെ മന്ത്രി തോമസ് ചാണ്ടിക്കു മേലുള്ള കുരുക്കു മുറുകുന്നു. ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കായലില്‍ 26 ലോഡ് മണ്ണിറക്കി പുറമ്പോക്കടക്കം നികത്തി. കാര്‍ഷിക ആവശ്യത്തിന് നല്‍കിയ ഭൂമിയും തോമസ് ചാണ്ടി വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ത്താണ്ഡം കായലില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറി മണ്ണിട്ട് നികത്തുന്നു എന്ന പരാതി ഉയര്‍ന്നത് മെയ് 24നാണ്. കൈനകരി വടക്ക് പഞ്ചായത്തംഗം ബി.കെ. വിനോദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ വില്ലേജ് ഓഫീസര്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കി. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മിച്ചഭൂമി വാങ്ങിക്കൂട്ടിയ തോമസ് ചാണ്ടി അതിനിടയിലെ ഒന്നരമീറ്റര്‍ വഴിയും സര്‍ക്കാര്‍ തണ്ടപ്പേരിലുള്ള മിച്ചഭൂമിയും നികത്തി. അടിയന്തരമായി അളന്ന് തിട്ടപ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുമെന്നും നിര്‍മ്മാണം നടത്തുകയാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ ഉദ്ദേശ്യമെന്നും വില്ലേജോഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ യാതൊരു നടപടിയും ജില്ലാ ഭരണകൂടം സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി കൈയേറിയ ഭൂമിയുടെ കൈവശാവകാശം റദ്ദാക്കണമെന്നും സര്‍വേ നടത്തി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മന്ത്രിയുടെ അനധികൃത നിലം നികത്തലിനെതിരെ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ചാണ്ടി ഡയറക്ടറായ വാട്ടര്‍വേള്‍ഡ് കമ്പനി നികത്തിയ മാര്‍ത്താണ്ഡം കായല്‍നിലത്തെ മണ്ണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഭൂസംരക്ഷണ നിയമത്തില്‍ 2009ലെ ഭേദഗതി അനുസരിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറുന്നതോ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.