കാറും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

Friday 27 October 2017 2:20 pm IST

കല്ലമ്പലം: ദേശീയപാതയില്‍ നാവായിക്കുളം കടമ്പാട്ടുകോണത്ത് വച്ച് ബീഹാര്‍ ഐജിയും കുടുംബവും സഞ്ചരിച്ച കാറും സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്. ബീഹാര്‍ പറ്റ്‌ന മുസ്സഫറപൂര്‍ ഐജിയും ജമ്മുകശ്മീര്‍ സ്വദേശിയുമായ സുനില്‍കുമാര്‍ (47), ഭാര്യ സുനിതകുമാരി (37), മകള്‍ സൃഷ്ടി (12), മകന്‍ ശ്രീജന്‍ (10), ഡ്രൈവര്‍ കാട്ടാക്കട ആര്യനാട് സ്വദേശി ജയകുമാര്‍ എന്നിവര്‍ക്കും ബസിലുണ്ടായിരുന്ന മൂന്നുപേര്‍ക്കുമാണ് പരിക്കേറ്റത്. ഐജിയെയും കുടുംബത്തെയും തിരുവനന്തപുരം കിംസ് ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശൂപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറും എതിര്‍ ദിശയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന സൂപ്പര്‍ഫാസ്റ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ബസിനും കേടുപാടുകള്‍ സംഭവിച്ചു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന്റൈ ശബ്ദവും ഇരു വാഹനത്തിലുമുണ്ടായിരുന്നവരുടെ കൂട്ട നിലവിളിയും കേട്ട് ഓടികൂടിയ നാട്ടുകാരും വ്യാപാരികളും ബസിലെ യാത്രക്കാരും രക്ഷാപ്രവര്‍ത്തിനം നടത്തി. അരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.