കല്യാണം രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധം

Friday 27 October 2017 7:13 pm IST

കണ്ണൂര്‍: പ്ലാസ്റ്റിക്-ഡിസ്‌പോസബ്ള്‍ മാലിന്യങ്ങളില്‍ നിന്നും പഞ്ചായത്തിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കോളയാട് ഭരണസമിതി നടപ്പിലാക്കിയ മാലിന്യമില്ലാത്ത മംഗല്യം പദ്ധതിയാണ് തെളിമ ശുചിത്വ പദ്ധതിയുടെ ഹൈലൈറ്റ്. തുടക്കത്തില്‍ വിവാഹച്ചടങ്ങുകള്‍ക്ക് മാത്രം ബാധകമായിരുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്നീട് 100പേര്‍ ഒരുമിച്ചുകൂടുന്ന എല്ലാ ചടങ്ങുകള്‍ക്കും പഞ്ചായത്ത് ബാധകമാക്കി. ഇത്തരം ചടങ്ങുകള്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് വിജ്ഞാപനമിറക്കുകയും പഞ്ചായത്തിനെ അറിയിക്കാതെ നടത്തുന്ന ചടങ്ങുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 രൂപ വരെ പിഴ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനായി പ്രത്യേക അപേക്ഷാ ഫോറം പഞ്ചായത്ത് തയ്യാറാക്കി നല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നനിബന്ധനയോടെയായിരുന്നു ചടങ്ങുകള്‍ക്ക് പഞ്ചായത്ത് അനുമതി പത്രം നല്‍കിയത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുവെന്ന് ഉറപ്പാക്കിയാണ് വാര്‍ഡ് മെംബര്‍മാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സാക്ഷ്യപത്രം നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് വിവാഹം നടത്തിയ വധൂവരന്‍മാര്‍ക്ക് മെമെന്റോ നല്‍കിയാണ് അവരുടെ നല്ല മനസ്സിനെ പഞ്ചായത്ത് അംഗീകരിച്ചത്. തുടക്കത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും ചടങ്ങുകളില്‍ പ്ലാസ്റ്റിക് ഇലകള്‍ക്കും ഡിസ്‌പോസബ്ള്‍ സാധനങ്ങള്‍ക്കും പകരമായി വാഴയിലയും സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും ലഭ്യമാക്കാന്‍ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കിയതോടെ പദ്ധതി ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അതോടെ ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും മാത്രമല്ല, ഫഌക്‌സ് ബോര്‍ഡുകളും പ്ലാസ്റ്റിക് തോരണങ്ങളുമെല്ലാം അപ്രത്യക്ഷമായി. സ്‌കൂളുകളില്‍ പ്ലാസ്റ്റിക് പേനകളും ബോട്ടിലുകളും ഒഴിവാക്കാനും തീരുമാനമായി. ഹരിതകേരളം പദ്ധതിയുടെ ചുവടുപിടിച്ച് ജില്ലയിലെ ജലാശയങ്ങള്‍ നവീകരിക്കാനും മാലിന്യകേന്ദ്രങ്ങള്‍ പൂന്തോട്ടങ്ങളാക്കി മാറ്റാനും പഞ്ചായത്ത് മുന്‍കൈയെടുത്തു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പഞ്ചായത്ത് രൂപീകരിച്ച വിജിലന്‍സ് സ്‌ക്വാഡും ഹരിത കര്‍മസേനയും തെളിമ പദ്ധതികളുടെ നടത്തിപ്പിന് സഹായകമായി. ശക്തമായ ബോധവല്‍ക്കരണവും നിയമങ്ങള്‍ നടപ്പാക്കുന്നതിലെ കാര്‍ക്കശ്യവും നടത്തിപ്പിലെ ജനകീയതയുമാണ് ശുചിത്വ പദ്ധതിയുടെ വിജയത്തിന് നിദാനമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.