വിത്ത് ക്ഷാമം: പുഞ്ചകൃഷി പ്രതിസന്ധിയില്‍

Friday 27 October 2017 9:39 pm IST

കോട്ടയം: പുഞ്ചകൃഷിക്ക് വിത്ത് ക്ഷാമം തിരിച്ചടിയാകുന്നു. ഇത് മൂലം കാര്‍ഷിക കലണ്ടര്‍ പ്രകാരം വിളവിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ജില്ലയില്‍ 10, 000 ഹെക്ടറിലാണ് പുഞ്ചകൃഷി ഇറക്കുന്നത്. എന്നാല്‍ വിത്ത് ലഭിക്കാത്തതിനാല്‍ ഇതുവരെ 4,000 ഹെക്ടറില്‍ മാത്രമാണ് വിതയ്ക്കാനായത്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് പാടശേഖരങ്ങള്‍ അധികമുള്ളത്. 80 ശതമാനത്തില്‍ അധികം കര്‍ഷകരും ഉമാ വിത്താണ് വിതയ്ക്കുന്നത്. വളരെ കുറച്ചാളുകള്‍ മാത്രമാണ് ജ്യോതി ഉപയോഗിക്കുന്നത്. എന്നാല്‍ പുഞ്ചകൃഷിയുടെ വിതയായിട്ടും കര്‍ഷകര്‍ക്ക് ആവശ്യത്തിന് വിത്ത് ലഭിച്ചിട്ടില്ല. വിത്തിന് കര്‍ഷകര്‍ കൃഷിഭവന്‍ മുഖേന പണം അടച്ചതാണ്. സബ്‌സിഡി തുക കിഴിച്ചതിന് ശേഷം കിലോയ്ക്ക് 23 രൂപ നിരക്കിലാണ് കര്‍ഷകര്‍ പണം അടച്ചത്. നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ , കേരള സ്‌റ്റേറ്റ് സീഡ് ഡവലപ്പമെന്റ് അതോറിട്ടി എന്നീ ഏജന്‍സികളാണ് വിത്ത് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന വിത്തുകള്‍ വാങ്ങിയെങ്കില്‍ മാത്രമെ കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിക്കുകയുള്ളു. അതിനാല്‍ സ്വകാര്യ വ്യക്തികളെ ആശ്രയിക്കാനും സാധിക്കില്ല. വിത്ത് ക്ഷാമം മൂലം വിത താമസിച്ചാല്‍ വിളവിനെ ബാധിക്കും. നെല്‍ച്ചെടി മൂപ്പെത്തുന്നതിന് മുമ്പ് ഉപ്പവെള്ളം കയറിയാല്‍ കൃഷി വന്‍ നഷ്ടത്തിലാകും. അതേ സമയം വിത്ത് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായും കൃഷി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൃഷിഭവന്‍ വിതരണം ചെയ്ത വിത്തുകളക്കുറിച്ച് കര്‍ഷകര്‍ക്ക് ആക്ഷേപമുണ്ട്. അവയുടെ ഗുണത്തെക്കുറിച്ചാണ് ആശങ്ക. കേരള സീഡ് ഡവലപ്പ്‌മെന്റ് അതോറിട്ടി വിതരണം ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ഗുണനിലവാര പരിശോധന നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.