പാലാ: സംസ്ഥാന സിബിഎസ്ഇ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അടിമാലി വിശ്വദീപ്തി പബ്ലിക്ക് സ്കൂള്‍ ക്ലസ്റ്റര്‍ 11 വിഭാഗത്തിലും ക്ലസ്റ്റര്‍ 10-ല്‍ ഭാരതീയ വിദ്യാഭവന് വിദ്യാമന്ദിര്‍ പൂച്ചട്ടിയും മുന്നില്‍. ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ വിശ്വദീപ്തിക്ക് 63 പോയിന്റും വിദ്യാമന്ദിറിന് 64 പോയിന്റുമുണ്ട്. ക്ലസ്റ്റര്‍ 11-ല്‍ മരങ്ങാട്ടുപ്പള്ളി ലേബര്‍ ഇന്ത്യ സ്കൂള്‍ 51 പോയിന്റോടെ രണ്ടാമതും വാഴക്കുളം കാര്‍മല്‍ പബ്ലിക്ക് സ്കൂള്‍ 41 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ആദ്യദിവസം ആറ് റെക്കോര്‍ഡുകള്‍ പിറന്നു.
ക്ലസ്റ്റര്‍ 10-ല്‍ 46 പോയിന്റുള്ള ദേവമാത പബ്ലിക്ക് സ്കൂള്‍ രണ്ടാം സ്ഥാനത്തും ഹോളി ഗ്രേസ് അക്കാദമി മാള 40 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. 17 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കൂത്താട്ടുകുളം മേരിഗിരി സിഎംഐ സ്കൂളിലെ അമല്‍ സനല്‍ പുതിയ മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടി. 19 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ പൂച്ചട്ടിയിലെ മരിയ ഫ്രാന്‍സിസ് സ്വന്തം റെക്കോഡ് മറികടന്ന് സ്വര്‍ണ്ണം കരസ്ഥമാക്കി.
19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ലോങ് ജംമ്പില്‍ ആറ്റൂര്‍ അറഫ ഇംഗ്ളീഷ് സ്കൂളിലെ എം.യു മുഹമ്മദ് പുതിയ റെക്കോഡോടെ സ്വര്‍ണ്ണം നേടി. 17 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ഹൈജംമ്പില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വിദ്യാമന്ദിറില മുഹമ്മദ് മുസ്തഫ പുതിയ മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 17 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ നിലമ്പൂര്‍ പി.വി മോഡല്‍ സ്കൂളിലെ അരുന്ധതി ആര് നാഥ് മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: