ശീപദ്മനാഭന് പള്ളിവേട്ട കഴിഞ്ഞു; ഇന്ന് ആറാട്ട്

Saturday 28 October 2017 2:16 pm IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നടന്നു. പളളിക്കുറുപ്പ് ദര്‍ശനവും ആറാട്ടും ഇന്ന് നടക്കും. ഇന്നലെ രാത്രി എട്ടരയോടെ രാജകുടുംബ സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയാണ് പളളിവേട്ട ചടങ്ങ് നടത്തിയത്. സുന്ദരവിലാസം കൊട്ടാരത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേട്ടക്കളത്തിലായിരുന്നു പള്ളിവേട്ട. രാജകുടുംബസ്ഥാനി ക്ഷേതത്തില്‍ നിന്ന് ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും എഴുന്നെള്ളിച്ചു. പോലീസും കുതിരപ്പട്ടാളവും കോല്‍ക്കാരും കുന്തക്കാരും അകമ്പടി സേവിച്ചു. വാദ്യമേളങ്ങള്‍ ഉപയോഗിക്കാതെ നിശബ്ദമായാണ് ഘോഷയാത്ര വേട്ടക്കളത്തിലെത്തിയത്. വേട്ടക്കളത്തിലെ പ്രത്യേക പൂജകള്‍ക്കു ശേഷം അമ്പും വില്ലും രാമവര്‍മയ്ക്ക് കൈമാറി. പ്രതീകമായി കരിക്കില്‍ അമ്പെയ്താണ് വേട്ട നടത്തിയത്. തുടര്‍ന്ന് ശംഖ് വിളിച്ച് വേട്ട നടന്നതായി അറിയിച്ചു. വാദ്യഘോഷങ്ങളോടെ വേട്ട കഴിഞ്ഞുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങി. വടക്കേ നടവഴി എഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഒറ്റക്കല്‍ മണ്ഡപത്തില്‍ ശ്രീപദ്മനാഭസ്വാമി വിഗ്രഹം വച്ച് നവധാന്യങ്ങള്‍ മുളപ്പിച്ചത് ഉപയോഗിച്ച് മുളയീട് പൂജ നടന്നു. ഇന്ന് രാവിലെ പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദര്‍ശനം നടത്തും. വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തില്‍ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നെള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയക്ക് തുടക്കമാകും. ഇവയ്‌ക്കൊപ്പം ചേരാനായി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ആറാട്ട് വിഗ്രഹങ്ങള്‍ പടിഞ്ഞാറേ നടയിലെത്തും. ഇവയും കൂടി ചേര്‍ന്നാണ് ശംഖുമുഖത്തേക്ക് ഘോഷയാത്ര നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.