വിദ്യാര്‍ത്ഥികളെ കുരുക്കി ലഹരി മാഫിയ

Saturday 28 October 2017 3:53 pm IST

ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു.അടുത്ത കാലങ്ങളില്‍ കൂടുതലും പിടിക്കപ്പെട്ടത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നവരെയാണ്. എക്‌സൈസ്, പോലീസ് പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടും ജില്ലയിലെ കഞ്ചാവ് ലോബിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ബോധവത്കരണത്തിനായി ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലുമായി 212 ലഹരിവിരുദ്ധ കല്‍ബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം വര്‍ദ്ധിക്കുകയാണ്. മയക്കുമരുന്നു കൂടാതെ വിദ്യാലയങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ലോബിയും സജീവമാണ്. പല കഞ്ചാവ് കേസുകളിലും പിടിക്കപ്പെടുന്നത് വിദ്യാര്‍ഥികളാണെന്നതും ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പോലുമുണ്ടെന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപാരത്തിലെ വില്‍പ്പനക്കാരും, മൊത്ത വിതരണക്കാര്‍ പോലും വിദ്യാര്‍ഥികളാണെന്നുള്ള ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കിടെ ജില്ലയില്‍ കഞ്ചാവു കേസുകളില്‍പ്പെട്ട് പിടിയിലായവരില്‍ ഏറെയും കൗമാരക്കാരാണ്. പണവും കഞ്ചാവും നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചശേഷം അവരിലൂടെ വില്‍പ്പന നടത്തുകയാണ് പതിവ്. അതേ സമയം ജില്ലയിലെ വടക്കന്‍ മേഖലകളില്‍ മുമ്പ് റോഡ് മാര്‍ഗ്ഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കായല്‍ മാര്‍ഗ്ഗമാണ് കഞ്ചാവ് മയക്കുമരുന്ന് വിതരണവും ഉപയോഗവും നടക്കുന്നത്.റോഡില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കായലുകളെ മാഫിയകള്‍ ആശ്രയിക്കുന്നത്. പ്രദേശവാസികളും പോലീസും സംശയിക്കാത്ത രീതിയില്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ചെറുവളളങ്ങളിലാണ് കായല്‍ മാര്‍ഗ്ഗം തീരദേശങ്ങളില്‍ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നത്. എക്‌സൈസ്, പോലീസ് അധികൃതര്‍ ഇവരെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചാണ് മാഫിയക്കാര്‍ വില്പന പൊടിപൊടിക്കുന്നത്. മയക്കുമരുന്ന് സാധനങ്ങള്‍ വാങ്ങുവാനും ഉപയോഗിക്കുവാനുമായി വിദ്യാര്‍ത്ഥികളടക്കം ധാരാളം പേരാണ് വേമ്പനാട്ട് കായല്‍ തീരങ്ങളില്‍ എത്തുന്നത്. ചെമ്പ്, വൈക്കം,പനങ്ങാട്,പെരുമ്പളം എന്നിവിടങ്ങളില്‍ നിന്നാണ് കായല്‍ മാര്‍ഗ്ഗം കഞ്ചാവും, മയക്കുമരുന്നും ജില്ലയിലെ കായലോര പ്രദേശങ്ങളില്‍ എത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.