കോടിയേരിയുടെ ഹവാല മാഫിയബന്ധം അന്വേഷിക്കണം: വി. മുരളീധരന്‍

Saturday 28 October 2017 7:41 pm IST

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വര്‍ണക്കടത്ത്, ഹവാല മാഫിയയുമായുള്ള ബന്ധം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിഅംഗം വി. മുരളീധരന്‍. ജനത്തെ പരസ്യമായി വെല്ലുവിളിച്ചാണ് കാരാട്ട് ഫൈസലിന്റെ അത്യാഡംബര കാറില്‍ കയറി കോടിയേരി ജനജാഗ്രതാ യാത്ര നടത്തിയത്. സര്‍ക്കാരിനെ ഉപയോഗിച്ച് നടത്തുന്ന ഹവാല ഇടപാടുകളുടെ നേതാവായി കോടിയേരി മാറിയിരിക്കുകയാണ്. ജനജാഗ്രതയ്‌ക്കെന്ന പേരില്‍ നടത്തുന്ന യാത്രയിലൂടെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാട് മാഫിയകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. സാമ്പത്തിക പിന്തുണയ്ക്കും കള്ളക്കടത്തിനുള്ള സുരക്ഷയ്ക്കുമായി കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത്, ഹവാല മാഫിയകള്‍ ഒന്നടങ്കം സിപിഎമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. കൊടുവള്ളിക്കാരുടെ കൂട്ടായ്മയില്‍ ദുബൈയില്‍ രൂപംകൊണ്ട മേപ്പൊയില്‍ ഗ്രൂപ്പ് ഒഫ് കമ്പനീസിനെക്കുറിച്ച് അന്വേഷിക്കണം. ഈ കമ്പനിയുടെ ഭാഗമായ പി.ടി.എ റഹീം ചെയര്‍മാനും കാരാട്ട് റസാഖ് മാനേജിംഗ് ഡയറക്ടറും കാരാട്ട് ഫൈസല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കിംസ് ട്രസ്റ്റ് ആശുപത്രിയുടെ സാമ്പത്തികസ്രോതസ് സംബന്ധിച്ച് ആദായനികുതി വകുപ്പ് കൂടുതല്‍ പരിശോധന നടത്തണം. സിപിഎം നേതാക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ഇതുവരെ ഒരു നടപടിയുമില്ല. ഇത്തരം ഇടപാടുകള്‍ വര്‍ഷങ്ങളായി തുടരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ ഇന്ത്യയിലും വിദേശത്തും വലിയ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നുവെന്നതും ഒരു മലയാളി വ്യവസായിയുടെ കമ്പനിയില്‍ അഞ്ചക്ക ശമ്പളം വാങ്ങിയിരുന്ന വൈസ് പ്രസിഡന്റായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഒരു മകന്‍ എന്ന കാര്യവും അന്നത്തെ പരാതിയില്‍ പറഞ്ഞിരുന്നതാണ്. പുതിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ചേര്‍ത്ത് വിജിലന്‍സിന് വീണ്ടും പരാതി നല്‍കും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി സ്വര്‍ണക്കടത്ത് മാഫിയയ്ക്കുള്ള ബന്ധം അന്വേഷിക്കാന്‍ പോലീസ് തയാറാകണമെന്നും മുരളീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.