പന്തളത്ത് തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ തീരുമാനം

Saturday 28 October 2017 7:46 pm IST

പന്തളം: മണ്ഡലമകരവിളക്ക് ഉത്സവക്കാലത്ത് പന്തളത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി കുറുന്തോട്ടയം കവല, മണികണ്ഠന്‍ ആല്‍ത്തറയ്ക്കു സമീപം പറവേലിപ്പടി, വലിയകോയിക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സഹായകേന്ദ്രങ്ങള്‍ സ്ഥാപിക്കും. തിരുവാഭരണം ദര്‍ശനത്തിനു തുറന്നുവയ്ക്കമ്പോള്‍ ശക്തമായ പോലീസ് നിരീക്ഷണവും സംരക്ഷണവുമൊരുക്കും. നഗരസഭയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തും. നഗരസഭയുടെ അതിര്‍ത്തികളില്‍ സൂചനാബോര്‍ഡുകളും ക്ഷേത്രക്കടവിലുള്‍പ്പെടെ അപകട സാദ്ധ്യത ഉള്ളിടങ്ങളിലെല്ലാം മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും. അന്നദാന മണ്ഡപമുള്‍പ്പെടെ എല്ലായിടത്തും കുടിവെള്ളമെത്തിക്കും. പൊതുമരാമത്തുവകുപ്പ് നടത്തുന്ന 52 റോഡുകളിലെയും പണികള്‍ നവം 10നു മുമ്പ് പൂര്‍ത്തീകരിക്കും. കുറുന്തോട്ടയം പാലത്തിതിനനുവദിച്ചതില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് എംസി റോഡില്‍ കുറുന്തോട്ടയം കവല മുതല്‍ പറവേലിപ്പടി വരെ റോഡിനിരുവശവും ഫുട്പാത്ത് പണിത് ടൈത്സ് ഇടും. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവ തടയാന്‍ താല്പികമായി എക്‌സൈസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. എക്‌സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ബസ്സുകള്‍ക്ക് പറവേലിപ്പടിയില്‍ സ്റ്റോപ്പ് അനുവദിക്കും. അവിടെ ഒരു ഉദ്യോഗസ്ഥന്റെ സേവനമുണ്ടാകും. ഭക്ഷ്യ സുരക്ഷാ, പൊതുവിതരണം അളവുതൂക്കം എന്നീ വിഭാഗങ്ങള്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കും. ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ എന്നിവയുടെ താല്കാലിക ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ച് ഡോക്ടര്‍മാരുടെ സേവനവും മരുന്നും സൗജന്യമായി നല്കും. രാത്രി ക്ഷേത്ര നട അടയ്ക്കുന്നതുവരെ ഈ സേവനമുണ്ടാകും. തിരുവാഭരണഘോഷയാത്രയെ ആംബുലന്‍സും മെഡിക്കല്‍ സംഘവും അനുഗമിക്കും അഗ്‌നിശമന രക്ഷാസേന താല്ക്കാലിക സ്റ്റേഷന്‍ ആരംഭിക്കും. അവരുടെ ആംബുലന്‍സിന് രോഗികളുമായി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ളയിടത്തേക്കു പോകുന്നതിനുള്ള അനുമതി നല്കും. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിയന്ത്രിക്കും. സാനിറ്റേഷന്‍ സൊസൈറ്റി വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാക്കും. തീര്‍ത്ഥാടക വാഹനങ്ങളുടെ അറ്റകറ്റപ്പണികള്‍ക്കു സഹായമേകാന്‍ മോട്ടോര്‍ വാഹന വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടകര്‍ അച്ചന്‍കോവിലാറ്റിലെ അപകടകരമായ കുത്തൊഴുക്കില്‍ പെടാതിരിക്കാന്‍ തടയണയില്‍ വേലി സ്ഥാപിക്കും. കൈപ്പുഴ ക്ഷേത്രത്തിനു സമീപമുള്ള കടവുകളില്‍ കയറു കെട്ടി സുരക്ഷയൊരുക്കും. മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ ശുചിത്വമിഷന്‍ നടപടികളെടുക്കും. ജില്ലയിലെ മന്ത്രിയായ മാത്യു ടി. തോമസുമായി ചര്‍ച്ച ചെയ്ത് വേണ്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ 5നു മുമ്പുതന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. എംഎല്‍എമാരായ ചിറ്റയം ഗോപകമാര്‍, വീണാ ജോര്‍ജ്ജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം കെ. രാഘവന്‍, പന്തളം നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി, ഉപാദ്ധ്യക്ഷന്‍ ഡി. രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.