ദേശീയപാത വികസനം: ഭൂമിയും കടകളും നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി

Saturday 28 October 2017 9:28 pm IST

കണ്ണൂര്‍: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടമാവുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും കടകള്‍ നഷ്ടപ്പെടുന്ന ഉടമകള്‍ക്കും ജോലിക്കാര്‍ക്കും പ്രത്യേക പുനരധിവാസ പാക്കേജും തയ്യാറാക്കണമെന്ന് ജില്ലാ വികസനസമിതിയോഗം സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ജില്ലയില്‍ പതിമൂന്നായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇവയില്‍ 190 എണ്ണം പരിശോധിച്ചതില്‍ 160 എണ്ണവും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കണ്ടെത്തി. ബാക്കി അപേക്ഷകളില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് പി.കെശ്രീമതി എംപി, എം.എല്‍എമാരായ സി കൃഷ്ണന്‍, സണ്ണി ജോസഫ്, ടി.വി.രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. മറ്റു ഭൂമിയൊന്നുമില്ലാത്തവര്‍ക്ക് വയല്‍പ്രദേശത്ത് വീടുനിര്‍മിക്കുന്നതിന് നിയമാനുസൃതമുള്ള അനുമതി നല്‍കാന്‍ ചിലയിടങ്ങളില്‍ കൃഷി ഓഫീസര്‍ വിസമ്മതിക്കുന്നതായി ടി.വി രാജേഷ് എം.എല്‍.എ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ നിയമപരമായ പരാമാവധി സഹായമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാനും ജില്ലാ കലക്ടറുമായ മീര്‍ മുഹമ്മദലി വ്യക്തമാക്കി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ റോഡ് പ്രവൃത്തികള്‍ക്കുള്ള അംഗീകാരം ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. തലശ്ശേരി-വളവുപാറ റോഡിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദേശിച്ചു. തളിപ്പറമ്പ്-കൂര്‍ഗ് റോഡിലെ ആലക്കോട്, കരുവഞ്ചാല്‍, ചാണോക്കുണ്ട് എന്നീ ഇടുങ്ങിയ മൂന്ന് പാലങ്ങള്‍ മാറ്റി പുതിയവ നിര്‍മിക്കാനാവശ്യമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ എംപി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവൃത്തി നടക്കുന്ന പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ പഴയങ്ങാടി ഭാഗത്ത് റോഡിന്റെ ഒരു ഭാഗം മാത്രമേ വാഹനങ്ങള്‍ പോകുന്നുള്ളൂ എന്നും പലപ്പോഴും ഒന്നോ ഒന്നരയോ മണിക്കൂര്‍ നേരം യാത്രക്കാര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും എം.പി പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് വലിയ വാഹനങ്ങള്‍ ഇതുവഴി പോകുന്നത് തടയാന്‍ പോലിസ് സംവിധാനമൊരുക്കണമെന്നും എംപി ആവശ്യപ്പെട്ടു. ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണലും മറ്റും ഇവിടെ ലഭിക്കാത്തതു കാരണം കര്‍ണാടകയില്‍ നിന്നും മറ്റും കൊണ്ടുവരുന്നത് പോലിസ് തടയുന്നതായി യോഗത്തില്‍ വിമര്‍ശനമുണ്ടായി. എന്നാല്‍ ആവശ്യമായ രേഖകള്‍ സഹിതം വരുന്ന മണല്‍ ലോറികള്‍ പിടികൂടുന്ന പക്ഷം രേഖകളുമായി തന്നെ സമീപിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ.ശ്രീമതി എംപി, എംഎല്‍എമാരായ സി.കൃഷ്ണന്‍, സണ്ണി ജോസഫ്, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ മണ്ഡലം പ്രതിനിധി എം.സുരേന്ദ്രന്‍, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.