മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം കെഎസ്ആര്‍ടിസി സ്റ്റാന്റിന് ശാപമോക്ഷമായില്ല

Saturday 28 October 2017 8:40 pm IST

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ അവസ്ഥ പരിതാപകരമായി. മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ യാര്‍ഡ്് പൂര്‍ണ്ണമായും തകര്‍ന്നു. കുഴിയായി മാറിയ ഭാഗത്ത് കോണ്‍ക്രീറ്റ് നടത്താന്‍ ടെണ്ടര്‍ വിളിച്ചെങ്കിലും കരാറുകാര്‍ താല്പര്യം കാണിച്ചിട്ടില്ല. ജിഎസ്ടി വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ കരാറുകാര്‍ സമരം അവസാനിപ്പിച്ചെങ്കിലും മെല്ലപ്പോക്ക് നയമാണ് തുടരുന്നത്. കോര്‍പ്പറേഷന്റെ മോശം സാമ്പത്തിക സ്ഥിതിയും കരാറുകാരെ പിന്നോട്ട് വലിക്കുന്നു. ചെങ്ങന്നൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലമാണ് കോട്ടയം ബസ് സ്റ്റാന്റ്. തദ്ദേശീരായ അയ്യപ്പഭക്തരെ കൂടാതെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പമ്പയ്ക്ക് പോകുന്ന അന്യ സംസ്ഥാന തീര്‍ത്ഥാടകരുടെയും ആശ്രയമാണ് ഈ സ്റ്റാന്റ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ പമ്പ് സര്‍വീസ് ഉണ്ടാകുമെന്നാണ് സൂചന. അതേ സമയം ബസ് മാര്‍ഗ്ഗമെത്തുന്ന തീര്‍ത്ഥാടകര്‍ പമ്പയ്ക്ക് പോകണമെങ്കില്‍ സ്റ്റാന്റിലെത്തണം. സ്റ്റാന്റിലെ ടാറും മെറ്റലും ഇളകി പോയതോടെ യാര്‍ഡ് വന്‍കുഴിയായി തീര്‍ന്നു. ഈ കുഴിയില്‍ വീഴുന്ന ബസ്സുകള്‍ വളരെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. ആക്‌സില്‍ ഉള്‍പ്പെടെ യന്ത്രഭാഗങ്ങള്‍ തകരുന്നതും നിത്യസംഭവമാണ്. മണ്ഡലക്കാലത്ത് സ്‌പെഷ്യല്‍ സര്‍വീസായി കൂടുതല്‍ ബസ്സുകള്‍ ഓടിക്കുന്നുണ്ട്. ഇതില്‍ ലോ ഫ്‌ളോര്‍ ബസ്സുകളും ഉള്‍പ്പെടും. ഇവ കൂടി വരുന്നതോടെ സ്റ്റാന്റിന്റെ അവസ്ഥ പരമ ദയനീയമാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതിയ ബസ് സ്റ്റേഷന്‍ നിര്‍മിക്കാനുള്ള പദ്ധതി കൊട്ടിഘോഷിച്ച് തുടങ്ങി. ഇതിന്റെ ഭാഗമായി ഗ്യാരേജ് കോടിമതയിലേക്ക് മാറ്റി. രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെള്ളത്തില്‍ വരച്ച രേഖ പോലെയായി. അതേ സമയം ബസ് സ്റ്റാന്റിലെ പാര്‍ക്കിംഗ് യാര്‍ഡ് മണ്ഡലക്കാലത്തിന് മുമ്പ് ശരിയാക്കുമെന്ന് ഡിടിഒ പറഞ്ഞു. അടുത്ത ആഴ്ച നിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.