കരിമ്പുകയം പദ്ധതിയിലെ ജലവിതരണം നിലച്ചു

Saturday 28 October 2017 8:42 pm IST

കാഞ്ഞിരപ്പള്ളി: കരിമ്പുകയം പമ്പ്ഹൗസിലെ 20 എച്ച്പി പമ്പ് സെറ്റും തകരാറിലായി. ഇതോടെ പദ്ധതിയില്‍നിന്നുള്ള ജലവിതരണം പൂര്‍ണമായും നിലച്ചു. ആശുപത്രികളും വിവിധ സ്ഥാപനങ്ങളുമടക്കം 4200ലേറെ ഗുണഭോക്താക്കളാണുള്ളത്. ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ ജല അതോറിറ്റിയുടെ ജലവിതരണം പൂര്‍ണമായും മുടങ്ങിയിട്ട് നാലു ദിവസമായി. പമ്പ് ഹൗസിലെ 315 കെവിഎ ഇന്‍ഡോര്‍ ട്രാന്‍സ്‌ഫോമര്‍ കത്തിയതിനാല്‍ കഴിഞ്ഞ മാസം എട്ടു മുതല്‍ പ്രധാന പമ്പ് സെറ്റ് പ്രവര്‍ത്തനരഹിതമാണ്. ട്രാന്‍സ്‌ഫോമര്‍ തകരാറിലായതോടെ 100 എച്ച്പി ശേഷിയുള്ള മോട്ടോര്‍ ഉപയോഗിച്ച് നടത്തിവന്ന പമ്പിങ്ങാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം പമ്പ് ഹൗസിലെ 20 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റ് ഉപയോഗിച്ചാണ് പമ്പിങ് നടത്തിയിരുന്നത്. രാവും പകലും പമ്പ് ചെയ്തിട്ടും നേരത്തെ വിതരണം ചെയ്യുന്നതിന്റെ അഞ്ചിലൊന്നു വെള്ളം മാത്രമാണ് പമ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം 20 എച്ച്പി മോട്ടോറിന്റെ വൈന്‍ഡിങ് കഴിഞ്ഞ ചൊവ്വാഴ്ച്ച കത്തി നശിച്ചു. ഇതോടെ കരിമ്പുകയം പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ് പൂര്‍ണമായും നിലച്ചു. 12 മണിക്കൂര്‍ പമ്പിങ് നടന്ന പമ്പ് ഹൗസാണ് നിലവില്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. 20 എച്ച് പി മോട്ടര്‍ പ്രവര്‍ത്തന ക്ഷമമായിരുന്നപ്പോള്‍ നാലു മണിക്കൂര്‍ പമ്പിങ് നടത്തിയിരുന്നുവെങ്കിലും ഗുണഭോക്താക്കള്‍ക്ക് വല്ലപ്പോഴും മാത്രമാണ് വെള്ളം ലഭിച്ചിരുന്നത്. 315 കെവിഎ ഇന്‍ഡോര്‍ ട്രാന്‍സ്‌ഫോമറിന്റെ തകരാര്‍ പരിഹരിച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരുകയാണെന്നും താമസിയാതെ 100 എച്ച്പി മോട്ടോര്‍ ഉപയോഗിച്ച് രണ്ടു ദിവസത്തിനകം പമ്പിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.