ഇംഗ്ലീഷ് പടയോട്ടം

Saturday 28 October 2017 11:05 pm IST

കൊല്‍ക്കത്തയില്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സ്‌പെയിനിനെതിരെ ഗോള്‍ നേടിയ ഫില്‍ ഫോഡന്റെ ആഹ്ലാദം. ഫൈനലില്‍ രണ്ട് ഗോളടിച്ച ഫോഡന്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി

കൊല്‍ക്കത്ത: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന്റെ മുഴുവന്‍ വീറും വാശിയും സൗന്ദര്യവും നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവില്‍ സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട് അണ്ടര്‍ 17 ചാമ്പ്യന്മാര്‍. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് ഏറെ ആവേശകരമായ ഫൈനലിനൊടുവില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് പടയോട്ടം.

രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. ഒരു നിമിഷം പോലും വിരസമാകാതെ അതിവേഗ ഫുട്‌ബോളുമായി കളംനിറഞ്ഞ ഇരുടീമുകളും സാള്‍ട്ട് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അറുപതിനായിരത്തിലേറെ ആരാധകര്‍ക്ക് സമ്മാനിച്ചത് കാല്‍പ്പന്തുകളിയിലെ അപൂര്‍വ്വ നിമിഷങ്ങളാണ്.

സ്‌പെയിനിന് വേണ്ടി 10, 31 മിനിറ്റുകളില്‍ സെര്‍ജിയോ ഗോമസ് ഗോള്‍ നേടി. ഇംഗ്ലണ്ടിനായി 69, 88 മിനിറ്റുകളില്‍ ഫില്‍ ഫോഡന്‍ രണ്ട് ഗോളുകള്‍ നേടി. 44-ാം മിനിറ്റില്‍ റിയാന്‍ ബ്ര്യൂസ്റ്റര്‍, 58-ാം മിനിറ്റില്‍ മോര്‍ഗന്‍ ഗിബ്‌സ്, 84-ാം മിനിറ്റില്‍ മാര്‍ക്ക് ഗ്യുയി എന്നിവരും ലക്ഷ്യം കണ്ടതോടെ ആദ്യ ലോകകപ്പ് ഫൈനലില്‍ തന്നെ കിരീടം കൊത്തിപ്പറക്കാനുള്ള ഭാഗ്യം ഇംഗ്ലണ്ടിന് സ്വന്തമായി. അതേസമയം നാലാം തവണയും സ്‌പെയിനിന് റണ്ണറപ്പാവാനായിരുന്നു യോഗം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.