വ്യാജ പ്രമാണ മാഫിയ: തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി

Saturday 28 October 2017 11:39 pm IST

ഇടുക്കി: ബാങ്കില്‍ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കിയ സംഭവത്തില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ (ഭൂരേഖ) ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കരുണാപുരം, പാറത്തോട് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തഹസില്‍ദാര്‍ ഷാജി അന്വേഷണം നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. രണ്ട് പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍: വ്യാജ കരംകെട്ടിയ രസീതാണ് എത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടും ഫെഡറല്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയില്ല. ഇത് ഒറ്റപ്പെട്ട സംഭവമാകാന്‍ സാധ്യതയില്ല. വ്യാജ രസീതുകളും സാക്ഷ്യപത്രങ്ങളും പട്ടയങ്ങളും നിര്‍മ്മിക്കുന്നതില്‍ പ്രാവീണ്യം നേടിയ വ്യക്തിയോ സംഘമോ പിന്നിലുണ്ടെന്ന് സംശയിക്കുന്നു. രസീതുകളിലും സാക്ഷ്യപത്രങ്ങളിലും രേഖപ്പെടുത്തേണ്ടവയെപ്പറ്റി ധാരണയുള്ള, റവന്യൂവകുപ്പില്‍ ജോലി ചെയ്യുന്നതോ വിരമിച്ചതോ ആയ ജീവനക്കാരുടെ അദൃശ്യസാന്നിധ്യം പരിശോധിക്കണം. വ്യാജ രേഖകള്‍ ഹാജരാക്കിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം പോലീസിനെ ഏല്‍പ്പിക്കണം. റിപ്പോര്‍ട്ടിനൊപ്പം കരുണാപുരം വില്ലേജിലേത് എന്ന പേരില്‍ ബാങ്കില്‍ ഹാജരാക്കിയ, വ്യാജ കരം കെട്ടിയ അഞ്ച് രസീതുകളുടെയും തീയതി, രസീത് ബുക്ക് നമ്പര്‍, രസീത് നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍, സര്‍വ്വെ നമ്പര്‍, വസ്തുവിന്റെ വിസ്തീര്‍ണ്ണം, നികുതി തുക, കരം ഒടുക്കിയയാളുടെ മേല്‍വിലാസം എന്നിവ കൃത്യമായി കാണിച്ചിട്ടുണ്ട്. ഇടുക്കിയിലെ വ്യാജ പ്രമാണ മാഫിയയെക്കുറിച്ച് 'ജന്മഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇന്നലെ 'ജന്മഭൂമി' ഇടുക്കി ബ്യൂറോയിലെത്തിയ സംഘം ലഭ്യമായ വിവരങ്ങള്‍ വാങ്ങി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സമാന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.