ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു

Sunday 29 October 2017 11:32 am IST

ശാസ്താംകോട്ട: ബിജെപിയുടെ ജനരക്ഷായാത്ര കഴിഞ്ഞു മടങ്ങിയ വാഹനം തടഞ്ഞുനിര്‍ത്തി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ പോലീസ് നീക്കം. രാത്രി നടന്ന സംഭവത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന തടസവാദമുയര്‍ത്തി പോലീസ് കേസ് റഫര്‍ ചെയ്യുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ആദ്യം പോലീസ് പറഞ്ഞിരുന്നു. പിന്നീട് സിപിഎം നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് തന്ത്രപരമായ ഒഴിഞ്ഞുമാറ്റം. കഴിഞ്ഞ 15ന് രാത്രി ഒന്‍പതരയോടെയാണ് അക്രമം നടന്നത്. കൊല്ലത്തെ ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങിയ ശൂരനാട ്‌വടക്ക് പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ വന്ന വാഹനമാണ് ആക്രമണത്തിന് ഇരയായത്. കുണ്ടറ പേരയം കുരിശ്ശടിക്ക് സമീപം പതിനഞ്ചോളം വരുന്ന സിപിഎം അക്രമി സംഘം വാഹനം തടഞ്ഞിട്ടു. വാഹനത്തില്‍ കെട്ടിയിരുന്ന ബിജെപിയുടെ കൊടി വലിച്ച് പൊട്ടിച്ചു. വാഹനത്തിന് അകത്ത് കയറിയ മറ്റൊരു സംഘം സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ഇതു തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ അക്രമിസംഘം വലിച്ചു പുറത്തിട്ടു. തുടര്‍ന്നാണ് ക്രൂരമായ മര്‍ദനം നടന്നത്. ബിജെപി നിയോജകമണ്ഡലം കമ്മറ്റിയംഗം ശൂരനാട്‌വടക്ക് ആനയടി പാഞ്ചജന്യത്തില്‍ ഓമനക്കുട്ട(42)ന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. മറ്റ് നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വാഹനവും തകര്‍ത്തു. കുണ്ടറ പോലീസിന് ഓമനക്കുട്ടന്‍ നല്‍കിയ മൊഴിയില്‍ പ്രതികളെ കുറിച്ച് സൂചന നല്‍കിയിരുന്നു. സിപിഎമ്മിനുവേണ്ടി അക്രമം നടത്തുന്ന പ്രധാന ക്രമിനല്‍ സംഘത്തില്‍ പെട്ടവരായിരുന്നു പ്രതികള്‍. ആദ്യം കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തത്. അക്രമം കണ്ട് ഓടിക്കൂടിയ പ്രദേശവാസികളും അക്രമികളുടെ പേരുവിവരം അന്നുതന്നെ പോലീസിന് കൈമാറിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മനോജ്, ബിജു അലക്‌സാണ്ടര്‍, ബിജു സെബാസ്റ്റ്യന്‍, അതുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയത്. എന്നാല്‍ പോലീസ് ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ കൊടികള്‍ നശിപ്പിച്ചെന്ന സിപിഎമ്മിന്റെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. വീടുകളില്‍ പരിശോധന നടത്തി. മുന്‍പ് കൊട്ടാരക്കരയില്‍ ആര്‍എസ്എസ് താലൂക്ക് പ്രചാരകനെ ക്രൂരമായി മര്‍ദിച്ച എസ്‌ഐ ആണ് ഇപ്പോള്‍ കുണ്ടറ എസ്‌ഐ. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് ഇയാളെ ഇവിടേക്ക് നിയമിച്ചത്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന ഓഫീസറാണ് കേസ് അട്ടിമറിച്ചതും. നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുന്നതും. പേരയം സംഭവത്തില്‍ പോലീസ് നീതിപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള ശക്തമായ സമരപരിപാടികളുമായി യുവമോര്‍ച്ച, ബിജെപി രംഗത്തുവരുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എസ്.ജിതിന്‍ദേവ് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.