ജില്ലയില്‍ 551 കോടി രൂപയുടെ റോഡ് വികസനം

Sunday 29 October 2017 11:34 am IST

കൊല്ലം: ജില്ലയില്‍ 551 കോടി രൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതിയായി. കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കിഫ്ബിയില്‍ നിന്ന് 449 കോടിരൂപ വിനിയോഗിച്ച് 16 റോഡുകളുടെ വികസനമാണ് ജില്ലയില്‍ നടപ്പിലാക്കുക. ബജറ്റ് വിഹിതമായ 102 കോടി രൂപയ്ക്ക് ലിങ്ക് റോഡിന്റെ തോപ്പില്‍ക്കടവ് വരെയുള്ള വിപുലീകരിക്കും. കിഫ്ബി പദ്ധതിയുടെ ഭാഗമായി കുന്നത്തൂരിലെ കൊല്ലേക്കടവ് പാലവും നിര്‍മിക്കും. ജില്ലയിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളില്‍ നിന്ന് ഉയര്‍ന്നു. തുടര്‍ന്ന് പൊതുമരാമത്ത് റോഡ്സ് ഡിവിഷന്‍ പ്രതിനിധിയായി പങ്കെടുത്ത എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ റോഡ് വികസനത്തിനുള്ള രൂപരേഖ അവതരിപ്പിച്ചു. ഭരണാനുമതി കിട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര നിന്നുള്ള ഉള്‍പ്രദേശ സര്‍വ്വീസുകള്‍ നിര്‍ത്തിയത് പുനരാരംഭിക്കണമെന്ന് പി.ഐഷാപോറ്റി എംഎല്‍എ ആവശ്യപ്പെട്ടു. പുലമണ്‍ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കണമെന്നും എം. എല്‍. എ നിര്‍ദേശിച്ചു. ചവറയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടി വേണമെന്ന് എന്‍. വിജയന്‍പിള്ള എംഎല്‍എ ആവശ്യപ്പെട്ടു. സബ്കലക്ടര്‍ ഡോ. എസ്. ചിത്ര, എഡിഎം കെ.ആര്‍. മണികണ്ഠന്‍, പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.