വീരസൈനികരെ കോണ്‍ഗ്രസ് അപമാനിച്ചു: മോദി

Monday 30 October 2017 2:10 am IST

ന്യൂദല്‍ഹി: കശ്മീരിന് സ്വയംഭരണാധികാരം വേണമെന്ന മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വീരസൈനികരെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് രാജ്യത്തോട് വിശദീകരണം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ ചിദംബരം സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയതിനിടെയാണ് പ്രധാനമന്ത്രിയുടെ ശക്തമായ വിമര്‍ശനം. ബെംഗളൂരുവിലെ ബിജെപി റാലിയിലാണ് ചിദംബരത്തിനും കോണ്‍ഗ്രസിനുമെതിരെ മോദി ആഞ്ഞടിച്ചത്. കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എന്തിനാണ് നാവ് കടംകൊടുക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഭീകരരെ എതിര്‍ത്ത് വീരചരമം പ്രാപിച്ച ധീരസൈനികരെ അപമാനിക്കുന്ന നടപടിയാണിത്. പാക്കിസ്ഥാന്റേയും വിഘടനവാദികളുടെയും സ്വരത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ മരിച്ചുവീണ ധീരസൈനികരെ അപമാനിക്കുന്നവയാണ്, പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ വിഘടനവാദ ശക്തികളുടെ ഭാഷ നാണംകെട്ട രീതിയില്‍ കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. പാക്കിസ്ഥാന്റെ ഭാഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. സൈനികരുടെ ജീവത്യാഗം മുതലെടുത്ത് രാഷ്ട്രീയം കെട്ടിപ്പെടുത്തവര്‍ രാജ്യത്തിന്റെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്നും മോദി പറഞ്ഞു. ചിദംബരം നടത്തിയ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് രാജ്യത്തോട് വിശദീകരണം നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുന്ന ആരെയും ബിജെപി വെറുതെ വിടില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം എന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ രോഷം കൊണ്ടതിന്റെ കാരണം തനിക്ക് മനസ്സിലായെന്നും മോദി കുറ്റപ്പെടുത്തി. അതേസമയം ഏതെങ്കിലും വ്യക്തിയുടെ അഭിപ്രായം കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് ചിദംബരത്തെ തള്ളി പാര്‍ട്ടി വക്താവ് സുര്‍ജേവാല പ്രതികരിച്ചു. ചിദംബരത്തെ പിന്തുണച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള കശ്മീര്‍ പഠനസംഘം നവംബര്‍ 10 മുതല്‍ മൂന്നു ദിവസം ജമ്മുകശ്മീരിലെ ലഡാക്കിലും കാര്‍ഗിലിലും സന്ദര്‍ശനം നടത്താനിരിക്കെ, ചിദംബരത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കശ്മീരിലേക്ക് മധ്യസ്ഥനെ നിയോഗിച്ച മോദി സര്‍ക്കാരിന്റെ നടപടികളെ അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഢാലോചനകളാണ് കോണ്‍ഗ്രസിന്റെ നടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.