കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം

Sunday 29 October 2017 9:24 pm IST

ബത്തേരി : നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത സംബന്ധിച്ച് റയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതിരുന്ന കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം. കഴിഞ്ഞ നിയമസഭാ സമ്മേളനങ്ങളില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആറു തവണയാണ് സര്‍ക്കാര്‍ അറിയിച്ചത്. വയനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും റയില്‍വേയുടെ ചാര്‍ജ്ജുള്ള മന്ത്രി ജി.സുധാകരനും ഇത് ആവര്‍ത്തിച്ചിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ വയനാടന്‍ ജനതയെ വീണ്ടും വഞ്ചിച്ചതിന്റെ തെളിവാണ് റയില്‍വേ ചെയര്‍മാന്‍ പങ്കെടുത്ത യോഗത്തില്‍ വയനാട്ടിന്റെ ശബ്ദം ഉയര്‍ന്നുവരാതിരുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. നിയമസഭക്കും ജനങ്ങള്‍ക്കും നല്‍കിയ ഉറപ്പാണ് ചെയര്‍മാനുമായുള്ള ചര്‍ച്ചയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് നീലഗിരി-വയനാട് എന്‍.എച്ച് &റയില്‍വേ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം. കര്‍ണ്ണാടക പാതയുടെ അനുമതി നല്‍കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയെങ്കിലും യൂസര്‍ ഏജന്‍സിയായ കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കാത്തതാണ് അനുമതി ലഭിക്കാന്‍ തടസ്സം. എന്നാല്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയേക്കാള്‍ ദൂരം വനത്തിലൂടെ പോകുന്ന തലശ്ശേരി-മൈസൂര്‍ റയില്‍പാതയുടെ സര്‍വ്വേ അനുമതിക്കുവേണ്ടി കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കുകയും ഉന്നതതല ചര്‍ച്ച നടത്തുകയും ചെയ്തു. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയെ കേന്ദ്രം പകുതി ചിലവുവഹിക്കുന്ന 30 റയില്‍പാതകളില്‍ ഉള്‍പ്പെടുത്തിയതാണ്. നിര്‍മ്മാണം തുടങ്ങാന്‍ പിങ്ക് ബുക്കില്‍ ചേര്‍ ത്തു. അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേക്ക് റയില്‍വേ ബോര്‍ഡ് അനുമതിയും നല്‍കി. തുടര്‍ന്ന് ഡിപിആര്‍ തയ്യാറാക്കാ ന്‍ സംസ്ഥാന ബജറ്റില്‍ പണം മാറ്റിവെക്കുകയും ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍ സര്‍ക്കാറിലെ ചില ഉന്നതര്‍ ചേര്‍ന്ന് ഈ പാത അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഡിഎംആര്‍സിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഉത്തരവിട്ട രണ്ട് കോടി രൂപ തടഞ്ഞുവെച്ചും കേരള-കര്‍ണ്ണാടക വനം വകുപ്പുകളില്‍നിന്ന് അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാതെയും ഇപ്പോള്‍ റയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് സംസ്ഥാനത്തിന്റെ പദ്ധതിയായി ആവശ്യപ്പെടാതെയുമാണ് പാത അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. തലശ്ശേരി-മൈസൂര്‍ പാത വയനാട് വഴി നടപ്പാക്കാനുള്ള ശ്രമത്തെ ആക്ഷന്‍കമ്മിറ്റി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ഏറ്റവുമധികം പ്രയോജനപ്പെടുന്ന സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പാക്കാ ന്‍ സാധിക്കുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ചുകൊണ്ട് തലശ്ശേരി-മൈസൂര്‍ പാത മാത്രം നടപ്പാക്കാനുള്ള ശ്രമത്തെയാണ് ആക്ഷന്‍കമ്മിറ്റി എതിര്‍ക്കുന്ന തെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കണക്കുകള്‍ തെറ്റാണ്. 10വര്‍ഷം മുന്‍പ് റയില്‍വേ നടത്തിയ സര്‍വ്വേയിലാണ് ചിലവ് 3309 കോടി രൂപ എന്ന് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഡിഎംആര്‍സി നടത്തിയ പഠനത്തില്‍ ഇത് 6000 കോടി രൂപയിലധികമാണ്. തലശ്ശേരി-മൈസൂര്‍ റയില്‍പാത വന്‍ നഷ്ടമാകുമെന്നും ചെറിയൊരു പ്രദേശത്തിന് മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും എന്നാല്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത കേരളത്തിനും രാജ്യത്തിനും അനിവാര്യമാണെന്നും വിദഗ്ദപഠനങ്ങള്‍ ലഭ്യമായിട്ടും അതിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകുന്നത് ശരിയായ നടപടിയല്ല. ജനകീയസമരത്തെ പരാജയപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമം അപലപനീയമാണ്. ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകു മെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, വി.മോഹനന്‍, എം.എ.അസൈനാര്‍, ഫാ:ടോണി കോഴിമണ്ണില്‍, ജോര്‍ജ്ജ് നൂറനാല്‍, രാജന്‍ തോമസ്, ജോയിച്ചന്‍ വര്‍ഗ്ഗീസ്, നാസര്‍ കാസിം, അനില്‍, ജോസ് കപ്യാര്‍മല, ജേക്കബ്, എ.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.