വെള്ളി ആഭരണ വ്യാപാരിയുടെ വീട്ടില്‍ മോഷണം രാജസ്ഥാന്‍ സ്വദേശികളായ മൂന്നംഗ സംഘം പിടിയില്‍

Sunday 29 October 2017 9:50 pm IST

പാലക്കാട്: വെള്ളി ആഭരണ വ്യാപാരിയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി 6 കിലോ വെള്ളി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത മൂന്നംഗ സംഘം പിടിയില്‍. രാജസ്ഥാന്‍ സ്വദേശികളായ അജ്മല്‍ സിംഗ്, ഹീര്‍ സിംഗ്, ഛേല്‍സിംഗ് എന്നിവരാണ് പിടിയിലായത്. ചക്കാന്തറ ചിന്മയാനഗറിലെ ജസ്വന്ത് ജയന്ത് എന്നയാളുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ 2.15 മണിയോടെ കവര്‍ച്ച നടന്നത്. മുഖം മൂടി ധരിച്ച് എത്തിയ രാജസ്ഥാന്‍ സ്വദേശികളായ മൂന്ന് പേരും അതിക്രമിച്ചാണ് വീട്ടില്‍ കയറിയത്. വീട്ടുകാരായ രാജസ്ഥാന്‍ സ്വദേശിയും, നഗരത്തിലെ വെള്ളി ആഭരണ വ്യാപാരിയും ആയ ജസ്വന്ത് ജയന്തിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചുമാണ് സംഘം മോഷണം നടത്തിയത്. വ്യാപാരി അലമാരയില്‍ സൂക്ഷിച്ചിരുന്ന 8 ലക്ഷത്തോളം വിലമതിക്കുന്ന വെള്ളി ആഭരങ്ങളാണ് സംഘം കവര്‍ച്ച ചെയ്ത് കൊണ്ടുപോയത്. മോഷണ സംഘം പോയ ഉടന്‍ തന്നെ വെള്ളി ആഭരണ വ്യാപാരി പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എഎസ്പി പൂങ്കുഴലി യുടെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ സൗത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവ സമയത്ത് വ്യാപാരിയുടെ വീട്ടില്‍ താമസിച്ച് വന്നിരുന്ന രാജസ്ഥാന്‍ സ്വദേശിയായ അജ്മല്‍ സിംഗ് എന്നയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജസ്ഥാന്‍ സ്വദേശികളായ ഹീര്‍ സിംഗ്, ഛേല്‍സിംഗ് എന്നിവരാണ് കളവ് നടത്തിയതെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മഞ്ചേരിയില്‍ വച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ടൗണ്‍ സൗത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് അഡീഷണല്‍ എസ്.ഐ. ശശികുമാര്‍, എഎസ്‌ഐ ഷീബു, ബാലകൃഷ്ണന്‍, സാജിദ്, പ്രദീഷ്, ഷനോസ്, ജീഭു, നിഷാദ്,ഗോപിനാഥ്, എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.