മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നു

Sunday 29 October 2017 9:59 pm IST

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷകസംഘടനയല്ല. എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുളളവരുടെയും കക്ഷി രാഷ്ട്രീയ ബന്ധമില്ലാത്തവരുടെയും പൊതുവേദിയാണത്. എങ്കിലും അതിന്റെ സംസ്ഥാന സമ്മേളനങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയേയും സമാപനസമ്മേളനത്തിന് പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിക്കുകയാണ് പതിവ്. ഉദ്ഘാടനത്തിലോ സമാപനത്തിലോ പ്രസംഗിക്കുന്ന നേതാക്കള്‍ രാഷ്ട്രീയക്കാരാണെങ്കിലും സങ്കുചിത രാഷ്ട്രീയം വിളമ്പാനുള്ള അവസരമാക്കാറില്ല. എന്നാല്‍ മലപ്പുറത്ത് സമാപിച്ച പത്രപ്രവര്‍ത്തകയൂണിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ രാഷ്ട്രീയ വിദ്വേഷം വിളമ്പാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധിച്ചത്. പത്രപ്രവര്‍ത്തകര്‍ എങ്ങനെ എഴുതണമെന്നും എന്തൊക്കെ എഴുതണമെന്നും നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി സംഘപരിവാറിനെതിരായ സിപിഎം വിദ്വേഷം പ്രസംഗിച്ച് പരിഹാസ്യനാവുകയാണ് ചെയ്തത്. ''സംഘപരിവാര്‍ കേരളത്തെ അധിഷേപിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മൗനം പാലിച്ചു'' എന്നാണ് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്. സംഘപരിവാര്‍ എവിടെ, എങ്ങനെയാണ് കേരളത്തെ അധിക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതല്ലെ. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. ജനരക്ഷായാത്ര കേരളത്തെ അധിക്ഷേപിക്കാനല്ല, സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ആപത്തുകളെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം തല്ലുന്നു, കൊല്ലുന്നു എന്നത് വിളിച്ചുപറയുന്നതെങ്ങനെയാണ് കേരളത്തെ അധിക്ഷേപിക്കലാവുക. സിപിഎം അക്രമം നിര്‍ത്തണം, കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നു പറഞ്ഞാല്‍ അത് കേരളത്തെ അധിക്ഷേപിക്കലാണെന്ന് അരിയാഹാരം കഴിക്കുന്ന ഒരാള്‍ക്കും പറയാനാവുകയില്ല. സിപിഎം അക്രമത്തിനെതിരെ ആ പാര്‍ട്ടിയൊഴിച്ച് എല്ലാ കക്ഷികളും പറഞ്ഞിട്ടുള്ളതാണ്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല ഇപ്പോഴവര്‍, ഭരണം നയിക്കുന്ന പാര്‍ട്ടിയാണ്. അവര്‍ക്കാണ് സമാധാനം ഉറപ്പുവരുത്താനുള്ള മുഖ്യചുമതല. ഇത് ഓര്‍മ്മപ്പെടുത്താന്‍ കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനവും വിളിച്ചുപറയും. മാധ്യമങ്ങള്‍ക്ക് ബോധ്യമായ അക്കാര്യങ്ങള്‍ ഉറക്കെ പറയുകയും ചെയ്യാം. അതിന് അരിശംപൂണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല. ജനരക്ഷായാത്രയില്‍ ഉയര്‍ത്തിയ രണ്ടാമത്തെ മുദ്രാവാക്യം ജിഹാദികളുയര്‍ത്തുന്ന ഭീഷണിയാണ്. ഇതൊരു കുറ്റാരോപണമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കെങ്ങനെ പറയാന്‍ കഴിയും? ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ജിഹാദി ഭീഷണിയല്ലെ കേരളത്തിലുള്ളത്? കേരളത്തില്‍നിന്ന് ഐഎസ്സില്‍ ചേര്‍ന്ന് കൊല്ലപ്പെടുകയോ ചാവേറാവുകയോ ചെയ്തവരുടെ സംഖ്യ മറ്റേതെങ്കിലും സംസ്ഥാനത്തിനുണ്ടോ? ജനരക്ഷായാത്രയ്ക്ക് ശേഷമല്ലെ ഐഎസില്‍ എത്തിയവരില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്? ഐഎസ് ബന്ധമുള്ള അഞ്ചുപേര്‍ പിടിയിലായത് അടുത്തിടെയല്ലേ? ജിഹാദി പ്രവര്‍ത്തനം ഇവിടെ ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന ഭീതിദമായ അവസ്ഥ ചൂണ്ടിക്കാട്ടിയാല്‍ എങ്ങനെ കേരളത്തെ അധിക്ഷേപിക്കലാകും! നാറാത്തും കനകമലയിലും ഭീകരര്‍ ക്യാമ്പുകള്‍ നടത്തിയതും, അവരില്‍ ചിലര്‍ പിടിയിലായതും മുഖ്യമന്ത്രിക്കറിയാത്ത കാര്യമല്ലല്ലോ? വിദ്വേഷം ജനിപ്പിക്കുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ച കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചല്ലേ ? വസ്തുതകള്‍ മറച്ചുവച്ച് ആടിനെ പട്ടിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സ്വയം പരിഹാസ്യനാകാനേ വഴിവയ്ക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.