ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എവിടെ നില്‍ക്കണം

Sunday 29 October 2017 9:56 pm IST

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത് ക്ഷേത്രകാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാനാണ്. അതോടൊപ്പം വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടാതെ സൂക്ഷിക്കുവാനും വിശ്വാസാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംകൊടുക്കുവാനുമാണ്. അതിനു ശ്രമിക്കുമ്പോള്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഒരു വിഭാഗത്തിന്റെ ധാര്‍മ്മികമായ ഉന്നമനത്തിനും മാനസികമായ ഐക്യത്തിനും വേണ്ടി ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ലക്ഷ്യമല്ല, മറിച്ച് രാഷ്ട്രത്തിലെ ജനങ്ങളുടെ ശുഭകരമായ ഭാവിജീവിതമാണുള്ളത്. വിശ്വാസികളായ ഭക്തജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിബദ്ധത പുലര്‍ത്തുക എന്നുളളതാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതലതന്നെ. ആ ചുമതല നിറവേറ്റാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുവാന്‍ അവര്‍ തയ്യാറാവുമ്പോള്‍, തങ്ങള്‍ പറയുന്നതല്ലാതെ ഒന്നും നടക്കാന്‍ പാടില്ല എന്നു ഗവണ്‍മെന്റ് ശാഠ്യം പിടിക്കുന്നത് ധാര്‍ഷ്ട്യമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ പ്രായപരിധി സംബന്ധിച്ചും മറ്റും ഒട്ടേറെ കാര്യങ്ങളില്‍ ഗവണ്‍മെന്റും ബോര്‍ഡും ഭിന്നചേരിയില്‍ നില്‍ക്കുന്നു. ദേവസ്വം വകുപ്പ് ഭരണഘടന പ്രകാരം ഇവിടെ ഉള്ളതിനാല്‍ ആ വകുപ്പിന്റെ അംഗീകാരം പലകാര്യങ്ങള്‍ക്കും ആവശ്യമായി വരുന്നു. പക്ഷേ, മറ്റൊരു മതസ്ഥാപനങ്ങളുടെയോ ആരാധാനാകേന്ദ്രങ്ങളുടെയോ നേര്‍ക്കു ചെറുവിരല്‍ ചൂണ്ടുവാന്‍ പോലും കഴിയാത്ത ഗവണ്‍മെന്റ് ഹൈന്ദവജനതയുടെ ജീവസര്‍വ്വസ്വമായ ക്ഷേത്രങ്ങളുടെയും ക്ഷേത്രഭരണാധികാരികളുടെയും മെക്കിട്ടുകേറുവാന്‍ തുനിയുന്നത് അപലപനീയമാണ്. ഇപ്പോള്‍ ഇതുപറയാന്‍ കാരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത് എന്ന ആരോപണമാണ്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ മാത്രമല്ല, ബോര്‍ഡിന്റെ കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ ഹിതമനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ ഉത്സാഹം കാണിക്കുന്നുണ്ട്. ഹിന്ദുക്കളുടെ കെട്ടുറപ്പ്, ധാര്‍മ്മികമായ ഉന്നമനം രാജ്യത്തിന്റെ ഭദ്രതയ്ക്കാവശ്യമാണ് എന്ന കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ദുരുപദിഷ്ടമായ ആരോപണങ്ങളുയര്‍ത്തി കാലാവധി കുറച്ച് പുറത്താക്കുവാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞേക്കും. പക്ഷേ അങ്ങനെയൊരു നടപടിക്ക് മുതിര്‍ന്നാല്‍ ഈശ്വരവിശ്വാസികളായ ബഹുഭൂരിപക്ഷം പേരോടും ചെയ്യുന്ന ദ്രോഹമായി മാത്രമേ കാണുവാന്‍ കഴിയൂ. ബോര്‍ഡ് പ്രസിഡന്റ് ഈ സാഹചര്യത്തില്‍ ഭക്തജനങ്ങള്‍ക്കൊപ്പമാണോ അതോ ഗവണ്‍മെന്റിനൊപ്പമാണോ നില്‍ക്കേണ്ടത്? മണ്ഡലകാലം അടുത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എല്ലാ കാര്യങ്ങളും സുഗമമായി നടക്കുവാനും നടത്തുവാനുമാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതെങ്കില്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അശാന്തിക്കു വഴിവയ്ക്കരുതെന്നേ പറയാനുള്ളൂ.

ഡോ.അമ്പലപ്പുഴ ഗോപകുമാര്‍. അമ്പലപ്പുഴ

റോഹിങ്ക്യകളെ മുസ്ലിം രാഷ്ട്രങ്ങള്‍ സംരക്ഷിക്കണം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ഭാരത സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരായി മുസ്ലിം, ഇടതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ടല്ലോ. ഈ അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതം, പ്രത്യേകിച്ചു കുട്ടികളും പ്രായമായവരും, ആരിലും അനുകമ്പ ഉണ്ടാക്കും. ഭക്ഷണമോ വസ്ത്രമോ അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാതെ മൃഗങ്ങളെക്കാളും കഷ്ടത്തിലാണ് ഈ മനഷ്യക്കോലങ്ങള്‍.പൊതുവെ വന്‍തോതിലുള്ള ജനപ്പെരുപ്പം മൂലം വികസന പ്രവര്‍ത്തനങ്ങളുടെ ഗുണം എല്ലാവരിലും എത്തിക്കാന്‍ ഏറെ കഷ്ടപ്പെടുകയാണ് നമ്മുടെ രാജ്യം. ഈ അഭയാര്‍ത്ഥികളെക്കാളും ദുരിതമനുഭവിക്കുന്ന പൗരന്മാര്‍ ഇവിടെയുണ്ട്. ഇവരുടെ പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കാതെ മറുനാട്ടില്‍നിന്നു എത്തുന്നവരെ തീറ്റിപ്പോറ്റാന്‍ രാജ്യത്തിന് ഏറെ ബുദ്ധിമുട്ട് വരും എന്നതും ഇവരെ സ്വീകരിക്കുന്നതിന് എതിരായിട്ടുള്ള കാഴ്ചപ്പാടുകള്‍ക്ക് ന്യായീകരണമുണ്ട്.എന്നാല്‍ ഗള്‍ഫ് മേഖലയില്‍ വമ്പിച്ച തോതിലുള്ള സമ്പത്തും സുഖസൗകര്യവുമുള്ള മുസ്ലിം രാഷ്ട്രങ്ങള്‍ ധാരാളമുണ്ട്. ആരാധനാലയങ്ങള്‍ പണിയാന്‍  കോടികളാണ് ഈ രാജ്യങ്ങളും അവരുടെ അതിസമ്പന്നരായ പൗരന്മാരും മറ്റ് രാജ്യങ്ങള്‍ക്ക് ഒഴുക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കോടിക്കണക്കിന് ഹെക്ടര്‍ സ്ഥലം മനുഷ്യന്‍ താമസിക്കാതെ കിടക്കുന്നുമുണ്ട്. അഭയാര്‍ത്ഥികളെ ഈ രാജ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. മാത്രമല്ല ദുരിതംപേറുന്ന അഭയാര്‍ത്ഥികള്‍ ഇസ്ലാം മതവിശ്വാസികളുമാണ്. ഈ വിഷയത്തില്‍ യുഎന്നും ഗള്‍ഫ് രാഷ്ട്രങ്ങളും ഭാരതസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇടത്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളും എന്തുകൊണ്ടാണ് ഈ മാര്‍ഗത്തെപ്പറ്റി ഒരക്ഷരം ഉരിയാടാത്തത് എന്നത് വിസ്മയകരമാണ്. ഏതു മതത്തിലായാലും കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നവരെ സഹായിക്കണമെന്നുള്ള വചനങ്ങള്‍ ധാരാളമുണ്ട്. അതുകൊണ്ട് ഈ അഭയാര്‍ത്ഥികളെ ഇപ്പോഴുള്ള ദുരിതത്തില്‍നിന്ന് രക്ഷിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുന്നോട്ടുവരട്ടെ.

പി.വി. രാജലക്ഷ്മി, വെള്ളിശ്ശേരി, മഞ്ചേരി 

ആചാരങ്ങളെ മാനിക്കണം, അനാചാരങ്ങളെ ഒഴിവാക്കാം ക്ഷേത്രാചാരങ്ങള്‍ക്ക് അതിന്റേതായ അര്‍ത്ഥവും വ്യാപ്തിയുണ്ട്. അതിനെ മാനിക്കണം. ചെറിയ മാറ്റങള്‍ അനിവാര്യമെങ്കില്‍ ആകാം എന്നുമാത്രം. ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്നതിനേക്കാള്‍, അവരെ കാനനത്തിലൂടെ മാസങ്ങളോളം നടന്ന് എത്തിക്കുക എന്നതിലുള്ള പ്രയാസവും ശാരീരിക പ്രശ്‌നങ്ങളുമൊക്കെ ആ നിയന്ത്രണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ശാസ്ത്രീയവും ആത്മീയവുമായ വശങ്ങളുണ്ട്. സാധാരണ അമ്പലങ്ങളില്‍ അഞ്ചോ പത്തോ മിനിറ്റോ വന്നുനില്‍ക്കുംപോലെയല്ല പകലും രാത്രിയുമൊക്കെ ശബരിമലയില്‍ സ്ത്രീപുരുഷന്മാര്‍ കഴിയേണ്ടത്. പ്രായം ഒരു തടസംതന്നെയാണ്. വെറുതെ വാദിച്ച് ജയിക്കുന്നതില്‍ കാര്യമില്ല.ആധുനിക സംവിധാനങ്ങളും, സമയക്കുറവുമുള്ള ദര്‍ശന ലാഭവും വരുംകാലങ്ങളില്‍ വന്നേക്കാം. അത് തന്ത്രിമാരും മതാചാര്യന്മാരും ദൈവേച്ഛയാല്‍ സങ്കല്‍പ്പിച്ച് എടുക്കേണ്ട തീരുമാനങ്ങളാണ്. നിയമപരമായി കൈകടത്തേണ്ട മേഖലയല്ല അത്. ഇതര മതസ്ഥര്‍ ഭക്തിയോടെയാണ്  ആഗ്രഹിക്കുന്നതെങ്കില്‍ ഏതമ്പലത്തിലും കയറ്റണം. ചിലര്‍ കൗതുകത്തിന് കയറും. ചിലപ്പോള്‍ പ്രശ്‌നങ്ങളുണ്ടാകും. അതൊഴിവാക്കാനുമാകാം അന്യമതക്കാര്‍ പൊതുവെ കയറേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. ഈശ്വരന് ആര്, എവിടെ കയറിയാലും, എപ്പോള്‍ കയറിയാലും പ്രശ്‌നമില്ല. നമ്മുടെ സൗകര്യാര്‍ത്ഥമാണ് ഈ നിബന്ധനകളൊക്കെ. എന്നാലും ചിലതൊക്കെ മാനിക്കണം.

കെ. ലളിതാംബിക, വൈക്കം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.