ഉറപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മില്ലുടമകള്‍ നെല്ല് സംഭരണം നിര്‍ത്തിവയ്ക്കും

Sunday 29 October 2017 10:37 pm IST

കോട്ടയം: സംസ്ഥാനത്ത് രണ്ടാം കൃഷിയുടെ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലേക്ക്. മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സംഭരണം നിര്‍ത്തിവയ്്ക്കനാണ് മില്ലുടമകളുടെ തീരുമാനം. ഈര്‍പ്പമുള്ള നെല്ല് സംഭരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് മില്ലുകാര്‍. സംഭരണം പുരോഗമിക്കുമ്പോള്‍ നിര്‍ത്തുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും തുലാമഴ തുടങ്ങിയ സാഹചര്യത്തില്‍ പാടങ്ങളില്‍ കെട്ടികിടക്കുന്ന നെല്ല് കയറ്റിവിടാന്‍ കര്‍ഷകര്‍ ശ്രമിച്ച് കൊണ്ടുരിക്കുകയാണ്.ജില്ലയില്‍ നിന്ന് 30,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കേണ്ടത്. എന്നാല്‍ കര്‍ഷകരും മില്ലുടമകളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമായി. ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കര്‍ഷകര്‍ പാഡി ഓഫീസറെ ആര്‍പ്പുക്കരയില്‍ ഉപരോധിച്ചു. കൂടാതെ മില്ലുകാരുടെ ലോറികള്‍ തടഞ്ഞിടുകയും ചെയ്തു. അതേ സമയം അധിക ഈര്‍പ്പമുള്ള നെല്ല് സംഭരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് മില്ലുകാര്‍ പറയുന്നത്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന 14. 1 ശതമാനം ഈര്‍പ്പമുള്ള നെല്ല് സംസ്‌കരിക്കുമ്പോള്‍ 64 കിലോ അരി മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ എഫ്‌സിഐ നിഷ്‌ക്കര്‍ഷിക്കുന്ന തരത്തില്‍ 17. 1 ശതമാനം ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുമ്പോള്‍ അരിയുടെ അളവ് 60 കിലോയിലും താഴെയാവുമെന്ന വാദമാണ് മില്ലുകാര്‍ മുന്നോട്ട് വയ്ക്കുന്നത്. നിലവില്‍ 30 ശതമാനം ഈര്‍പ്പമുള്ള നെല്ല് വരെ സംഭരിക്കേണ്ട അവസ്ഥയാണെന്ന്ും കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നും മില്ലുകാര്‍ പറയുന്നു. മില്ലുകാര്‍ ഇടഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ചര്‍്ച്ചയിലെ തീരുമാനങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. നല്ല അരി റേഷന്‍ കടകളില്‍ ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിര്‍്‌ദ്ദേശിച്ചത്. നല്ല നെല്ല് കിട്ടിയെങ്കില്‍ മാത്രമെ അരിയാക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് മില്ലുകാര്‍. എന്നാല്‍ നല്ല നെല്ലില്‍ നിന്നുള്ള അരി ബ്രാന്‍ഡഡ് അരിയാക്കി മില്ലുകാര്‍ കയറ്റി അയച്ച് കൊള്ള ലാഭം കൊയ്യുകയാണെന്ന ആരോപണം ശക്തമാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനായിട്ടില്ല. സര്‍ക്കാരും മില്ലുകാരും പരസ്പരം കൊമ്പ് കോര്‍ക്കുമ്പോള്‍ കര്‍ഷകര്‍ ആശങ്കയിലാണ്. നെല്ല് സംഭരണം വേഗത്തില്‍ നടക്കുന്നതിനിടെയില്‍ സംഭരണം നിര്‍ത്തിയാല്‍ വന്‍ നഷ്ടമാവും ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഈര്‍പ്പം സംബന്ധിച്ച തര്‍ക്കം അടിയന്തരമായി പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.