റവന്യു വകുപ്പ് കടുത്ത നിലപാടില്‍; ദേവസ്വം ഭൂമി തിരിച്ച് പിടിക്കാന്‍ കടമ്പകളേറെ

Sunday 29 October 2017 10:40 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ക്ഷേത്രത്തോട് ചേര്‍ന്ന റവന്യുവകുപ്പിന്റെ കൈവശമുള്ള ദേവസ്വം സത്രമായിരുന്ന 47സെന്റ് ഭൂമി തിരിച്ച് പിടിക്കാന്‍ കടമ്പകളേറെ. കഴിഞ്ഞ ദിവസം നടന്ന ശബരിമല അവലോകന യോഗത്തില്‍ ദേവസ്വത്തിന് അന്യാധീനപ്പെട്ട 47സെന്റ്ഭൂമി തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സത്രം എന്നറിയപ്പെടുന്ന 47സെന്റ് ഭൂമി ഇപ്പോള്‍ റവന്യു വകുപ്പിന്റെ കൈവശമാണ്. നിലവില്‍ വോട്ടിങ് യന്ത്രം സൂക്ഷിക്കുന്ന ഗോഡൗണായിട്ടാണ് ഇപ്പോള്‍പ്രവര്‍ത്തിക്കുന്നത്. ഏറ്റുമാനൂര്‍ താലൂക്കയായിരുന്ന സമയത്ത് വിശിഷ്ട വ്യക്തികള്‍ക്കു താമസിക്കുന്നതിനാണ് നാലുകെട്ടോടുകൂടിയ ഈ കെട്ടിടം ഉപയോഗിച്ചിരുന്നത് .ക്ഷേത്രം വകയായിരുന്ന ഈ ഭൂമി 1951-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച ശേഷമാണ് റവന്യൂവിന്റെ കൈവശമായി തീര്‍ന്നത് .ആദ്യംകോട്ടയം-ഇടുക്കി ജില്ലകളിലേക്കുള്ള ബാലറ്റു പെട്ടികള്‍ സൂക്ഷിക്കുന്ന കെട്ടിടമായിരുന്നു. പിന്നീട് കോട്ടയം ജില്ലയിലെ വോട്ടിങ് യന്ത്രം സൂക്ഷിക്കുന്ന കെട്ടിടമായത്. പോലീസ് സംരക്ഷണയിലാണ് ഈ കെട്ടിടം. ഭൂമിയും കെട്ടിടം വിട്ട് കൊടുക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നാണ് റവന്യു വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പുകമ്മീഷന്റെ ഭാഗത്തു നിന്നും അനുകൂലമായ അഭിപ്രായം കിട്ടിയിട്ടില്ലെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പഴയ ബാലറ്റ് പെട്ടികളുടെ ഉപയോഗം ഇല്ലാത്ത സാഹചര്യത്തില്‍ കെട്ടിടം ദേവസ്വത്തിന് വിട്ട് കൊടുത്തു കൂടെയെന്നാണ് ഭക്തജന സംഘടനകള്‍ ചോദിക്കുന്നത്. ഇത് ലഭ്യമായാല്‍ ഭക്തര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.