കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പണിപൂര്‍ത്തിയാകാതെ മിനി ബൈപ്പാസ്

Sunday 29 October 2017 10:41 pm IST

കാഞ്ഞിരപ്പള്ളി: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ശാപമോക്ഷമില്ലാതെ തുടരുമ്പോഴും ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മാണം തുടങ്ങിയ മിനി ബൈപ്പാസ് പണിപൂര്‍ത്തിയാകാതെ കിടക്കുന്നു. പട്ടണത്തിലെ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി ബൈപ്പാസിന്റെ നിര്‍മാണം ആരംഭിച്ചത്. വ്യാപാരസ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്കും വാഹനം പാര്‍ക്കു ചെയ്യുന്നതിന് നിലവില്‍ സൗകര്യമില്ലാത്ത അവസ്ഥ തുടരുകയാണ്. 2011-12ല്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച മിനി ബൈപ്പാസിന്റെ നിര്‍മാണം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. 1.10കോടി രൂപ ഇതുവരെ മുടക്കി. നിര്‍മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പണി മുടങ്ങിയത്. പഞ്ചായത്ത് കമ്മിറ്റിയും വ്യക്തിയും ചേര്‍ന്നു നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്. എംപി, എംഎല്‍എ എന്നിവരുടെ പ്രദേശിക വികസന ഫണ്ടും ധനകാര്യകമ്മീഷനില്‍നിന്ന് അനുവദിച്ച ഫണ്ടും ഉപയോഗിച്ചാണ് ഇതുവരെയുള്ള നിര്‍മാണം നടത്തിയത്. പേട്ടക്കവലയില്‍നിന്ന് ആരംഭിച്ച് ചിറ്റാര്‍ പുഴയോരത്തുകൂടി മണിമലറോഡില്‍ ചെന്നു കയറുന്ന നിര്‍ദിഷ്ട മിനി ബൈപ്പാസിന്റെ നിര്‍മാണം ചിറ്റാര്‍ പുഴയോരം കെട്ടിയെടുത്തതില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. തുടക്കവും ഒടുക്കവും ഇതു വരെ തുറന്നിട്ടുമില്ല. പേട്ടക്കവലയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചു മാറ്റിയാല്‍ മാത്രമേ മിനി ബൈപ്പാസിലേക്കുള്ള വഴി തുറക്കാനാകൂ. എന്നാല്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ബൈപാസിന്റെ പണി പൂര്‍ത്തിയായ ശേഷം കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിക്കാന്‍ ധാരണയായിരുന്നു. പഞ്ചായത്തിന്റെ കഴിഞ്ഞ ബജറ്റില്‍ തുക നീക്കിവെച്ചിരുന്നെങ്കിലും പിന്നീട് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് തുക മാറ്റുകയും ചെയ്തിരുന്നു. വ്യക്തമായ ധാരണകളില്ലാതെ ആരംഭിച്ച പദ്ധതിക്കായി കൂടുതല്‍ തുക ചെലവഴിക്കേണ്ടയെന്ന നിലപാടിലാണ് പഞ്ചായത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.