കാനത്തിന്റെ യാത്രയും വിവാദത്തില്‍

Monday 30 October 2017 1:44 am IST

സ്വകാര്യ കോളേജിന്റെ പരസ്യവാഹനത്തില്‍ കാനം സമ്മേളന നഗരിയില്‍ എത്തുന്നു

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയിലെ മിനികൂപ്പര്‍ വിവാദത്തിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ യാത്രയും വിവാദത്തില്‍. കോട്ടയം ജില്ലയിലെ ജനജാഗ്രതയാത്രയുടെ പര്യടനവുമായി കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യവാഹനത്തിലാണ് കാനം സഞ്ചരിച്ചത്.

യാത്രയുടെ ദൃശ്യങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഫേസ് ബുക്കിലിട്ട് വിവാദം കൊഴുപ്പിച്ചിരിക്കുകയാണ്. തോമസ് ചാണ്ടി വിഷയത്തില്‍ എജിക്കെതിരെ ആഞ്ഞടിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കാനത്തിന് തിരിച്ചടി നല്‍കുകയാണ് ഇതിലൂടെ സിപിഎം പ്രവര്‍ത്തകര്‍ ചെയ്തത്.

കോളേജിന്റെ പരസ്യത്തിനായിട്ടാണ് വാഹനം വിട്ടുകൊടുത്തതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കാനത്തിന്റെ കടുത്തുരുത്തിയിലെ യാത്ര സ്വകാര്യ വ്യക്തി നടത്തുന്ന കോളേജിന്റെ പരസ്യയാത്ര ആയതായും പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ കുറ്റപ്പെടുത്തുന്നു.

കോടിയേരിയുടെ യാത്രാവിവാദത്തിനു ശേഷം ജനജാഗ്രതാ യാത്രയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഉടമകളുടെയും പൂര്‍വ്വകാല ചരിത്രം വ്യക്തമായി അന്വേഷിച്ചിച്ച് മാത്രമേ ജാഥാ അംഗങ്ങളുടെയും ക്യാപ്റ്റനെയും തുറന്ന വാഹനത്തില്‍ കയറ്റാവൂ എന്ന് എല്‍ഡിഎഫ് നേതൃത്വവും സിപിഎം നേതൃത്വവും എല്ലാ സ്വീകരണ കമ്മിറ്റികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ കാനം നയിച്ച യാത്ര കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ ഈ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതായാണ് സിപിഎം പറയുന്നത്. ഈ വാഹന ഉടമ മുമ്പ് ജില്ലാ പഞ്ചായത്ത് അംഗം ആയിരുന്ന കാലത്ത് എല്‍ഡിഎഫിന് പിന്തുണ പിന്‍വലിച്ച് ഭരണപ്രതിസന്ധി സൃഷ്ടിക്കുവാന്‍ മുന്‍കൈ എടുത്ത ആളാണെന്നും പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. കുറച്ച് നാളായി സിപിഐയുമായി അടുത്ത് പ്രവര്‍ത്തിക്കുകയാണ്.

ഏതാനും നാളുകള്‍ക്ക് മുമ്പ് റെഡ് വോളണ്ടിയര്‍ ക്യാമ്പും ഇദ്ദേഹത്തിന്റെ കോളേജിലാണ് നടത്തിയത്. കൂപ്പറോളം വരില്ലെങ്കിലും ഇടത്തരം ആഡംബര വാഹനത്തിലെ കാനത്തിന്റെ യാത്ര ചര്‍ച്ചയായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.