രജപക്സെ-മന്‍മോഹന്‍ കൂടിക്കാഴ്ച അടുത്തയാഴ്ച

Wednesday 12 September 2012 9:36 pm IST

കൊളംമ്പൊ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്സെ അടുത്തയാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌, രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട്ടില്‍ ലങ്കന്‍ തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെട്ടതില്‍ ഇരുവരെയും രജപക്സെ അസംതൃപ്തി അറിയിക്കുമെന്നാണ്‌ സൂചന. ഈ മാസം 20 നാണ്‌ രജപക്സെ രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണുന്നതെന്ന്‌ ലങ്കന്‍ വിദേശകാര്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. 19 ന്‌ മധ്യപ്രദേശിലെ സാഞ്ചിയില്‍ ഒരു ബുദ്ധമതപഠനകേന്ദ്രത്തിന്‌ തറക്കല്ലിടാനാണ്‌ ലങ്കന്‍ പ്രസിഡന്റ്‌ എത്തുന്നത്‌.
ജെയിനെവയില്‍ നടന്ന യുണൈറ്റഡ്‌ നേഷന്‍സ്‌ ഹ്യൂമന്‍ റൈറ്റ്സ്‌ കൗണ്‍സിലില്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ലങ്കക്കെതിരെ ഇന്ത്യ വോട്ടിട്ടതിന്‌ ശേഷം ആദ്യമായാണ്‌ ലങ്കന്‍ പ്രസിഡന്റ്‌ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്‌. എല്‍ടിടിഇക്കെതിരെയുള്ള പോരാട്ടത്തിന്റെ അവസാനഘട്ടത്തില്‍ ലങ്കന്‍ സൈന്യം മന:പൂര്‍വ്വം ലങ്കന്‍ തമിഴര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന്‌ പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. സിംഹളവിരുദ്ധ വികാരം തമിഴ്‌നാട്ടില്‍ വളരുന്നതിനിടെയാണ്‌ രജപക്സെയുടെ ഇന്ത്യാ സന്ദര്‍ശനം.
ലങ്കയില്‍ നിന്നുള്ള കാത്തലിക്‌ തീര്‍ത്ഥാടകര്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയിലെത്തുന്ന പൗരന്‍മാര്‍ക്ക്‌ ലങ്കന്‍ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ലങ്കന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന തന്റെ ആഭ്യര്‍ത്ഥനയോട്‌ ഇന്ത്യന്‍ സര്‍ക്കാര്‍ നല്ല രീതിയിലാണ്‌ പ്രതികരിച്ചതെന്നും രാഷ്ട്രീയ പ്രേരിതമായ ഒരു ചെറിയ വിഭാഗമാണ്‌ ആക്രമണങ്ങള്‍ക്ക്‌ പിന്നിലെന്നും കഴിഞ്ഞയാഴ്ച രജപക്സെ പ്രതികരിച്ചിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.