തൊഴിലുറപ്പില്‍ കേരളം പിടിവാശി ഉപേക്ഷിക്കുന്നു

Monday 30 October 2017 2:18 am IST

കൊച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളം കേന്ദ്രസര്‍ക്കാറിന്റെ വഴിയേ വരുന്നു. കേന്ദ്രസര്‍ക്കാറിന്റെ സര്‍ക്കുലര്‍ അനുസരിച്ച് മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള തൊഴില്‍ ബജറ്റ് തയ്യാറാക്കാവൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. കേന്ദ്രമാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചത് കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിക്ക് തിരിച്ചടിയായതോടെയാണ് സംസ്ഥാനം നിലപാട് തിരുത്തിയത്. തൊഴിലുറപ്പ് സുതാര്യമായി നടപ്പാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം നേരത്തെ അട്ടിമറിച്ചിരുന്നു. നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ രേഖാമൂലം നല്‍കുന്നതില്‍ വീഴ്ചയും വരുത്തി. തുടര്‍ന്ന് കേരളത്തിനുള്ള പണം കേന്ദ്രം തടഞ്ഞുവെച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കുലര്‍ കൃത്യമായി പാലിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. പഞ്ചായത്തുകള്‍ ഒരുവര്‍ഷത്തെ തൊഴില്‍ ദിനങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇനി പ്രവൃത്തികളുടെ പട്ടിക കൂടി തയ്യാറാക്കണം. തൊഴില്‍ തേടി ആളുകള്‍ എത്തുമ്പോള്‍ വേഗം തൊഴില്‍ നല്‍കാനാണിത്. ഒരു വര്‍ഷം പ്രതീക്ഷിക്കുന്ന തൊഴില്‍ ദിനങ്ങളുടെ ഇരട്ടി പ്രവൃത്തികള്‍ വേണം. ഓരോ ജോലിയുടെയും എസ്റ്റിമേറ്റ് പ്രത്യേകം തയ്യാറാക്കും. കണക്കുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണിത്. കക്കൂസുകള്‍, സ്‌കൂള്‍ ടോയ്‌ലറ്റുകള്‍, അങ്കണവാടി ടോയ്‌ലറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം തൊഴിലുറപ്പില്‍ നടത്തും. ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമങ്ങളെയും ഉദ്പാദനമേഖലയെയും ബന്ധിപ്പിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കും. പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ പുനരുദ്ധാരണവും ഇതില്‍പ്പെടും. ഗ്രാമീണ ചന്തകള്‍, കെട്ടിടങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയും ഏറ്റെടുക്കണം. തൊഴിലുറപ്പ് പദ്ധതി മറ്റുവകുപ്പുകളുമായി സംയോജിപ്പിച്ച് കൂടുതല്‍ ഉദ്പാദന ക്ഷമമാക്കാനും നിര്‍ദ്ദേശമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭകളും പഞ്ചായത്തുകളില്‍ ചേരണം. മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് തൊഴിലാളികളുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളുംകൂടി പരിഗണിക്കാനാണിത്. കേന്ദ്രമാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളത്തിലേക്കുള്ള തൊഴിലുറപ്പ് വിഹിതം വര്‍ധിപ്പിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.