ഗാന്ധി വധം: അമിക്കസ് ക്യൂറി കൂടുതല്‍ സമയം തേടി

Monday 30 October 2017 12:18 pm IST

ന്യൂദല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റി. കേസില്‍ അമിക്കസ് ക്യൂറി അമരേന്ദര്‍ സരണ്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുതയേക്കുറിച്ചാണ് അമിക്കസ് ക്യൂറി പരിശോധിക്കുന്നത്. ഗാന്ധിവധത്തില്‍ ദുരൂഹതകളുണ്ടെന്നും അത് നീക്കണമെന്നുമാവശ്യപ്പെട്ട് ഗവേഷകനും അഭിനവ് ഭാരത് പ്രവര്‍ത്തകനുമായ ഡോ.പങ്കജ് പദ്‌നി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചാല്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് മഹാത്മാഗാന്ധിയുടെ പൗത്രന്റെ മകന്‍ തുഷാര്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്‌സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്‌സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ വെടിയുതിര്‍ത്തത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലോക മാധ്യമങ്ങളിലെ ഏറിയ പങ്കും നാലു ബുള്ളറ്റുകള്‍ ഗാന്ധിജിക്ക് ഏറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും നാലാം ബുള്ളറ്റ് ഇപ്പോഴും നിഗൂഢമായി തന്നെ അവശേഷിക്കുന്നുവെന്നും കാണിച്ചാണ് ഗാന്ധിജിയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് പങ്കജ് ആവശ്യപ്പെടുന്നത്. 1948 ജനുവരി 30നാണ് രാജ്യതലസ്ഥാനത്തുവച്ച് നാഥുറാം വിനായക ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.