മകളുടെ മരണകാരണം തേടിയെത്തിയ അച്ഛനെ അവഹേളിച്ച് ഇറക്കിവിട്ടു

Monday 30 October 2017 11:02 pm IST

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത മകളുടെ മരണ കാരണം തേടി എത്തിയ അച്ഛനെ ഒരു വിഭാഗം രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും അവഹേളിച്ച് ഇറക്കിവിട്ടു. ഇന്നലെ രാവിലെ സ്‌കൂളില്‍ നടത്തിയ രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ നിന്നാണ് മനഃസാക്ഷി മരവിച്ച ചിലരുടെ പ്രവൃത്തിയില്‍ മകളുടെ അകാല വേര്‍പാടില്‍ മനമുരുകി കഴിയുന്ന അച്ഛന്‍ കണ്ണീരോടെ ഇറങ്ങിപ്പോയത്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില്‍ (കെപി ഹൗസില്‍) ഗൗരി നേഘ (15)യുടെ അച്ഛന്‍ പ്രസന്നകുമാറിനാണ് ഇന്നലെ ദുരനുഭവം നേരിടേണ്ടി വന്നത്. രാവിലെ പത്തുമണിയോടെ യോഗം ആരംഭിച്ചു. സ്‌കൂള്‍ അധികൃതരുടെയും ചില രക്ഷിതാക്കളുടെയും ഊഴത്തിന് ശേഷമാണ് പ്രസന്നകുമാര്‍ സംസാരിച്ചത്. മകള്‍ മരിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്‌മെന്റും പോലീസും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എത്രയും വേഗം പ്രതികളായ അദ്ധ്യാപകരെ പിടികൂടണം. തന്റെ മകളോട് ചെയ്ത ക്രൂരത മറ്റൊരു കുട്ടിയോടും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള നീക്കങ്ങളാണ് മാനേജ്‌മെന്റും പോലീസും ചെയ്യുന്നത് തുടങ്ങി അദ്ദേഹത്തിന്റെ മനസ്സിലെ വേദനകള്‍ പങ്കുവയ്ക്കവെയാണ് ഒരു വിഭാഗം രക്ഷിതാക്കള്‍ മാനേജ്‌മെന്റിലെ ചില പ്രതിനിധികളുടെ നിര്‍ദേശ പ്രകാരം വേദിയുടെ മുന്‍പില്‍ നിന്ന് കൂവല്‍ ആരംഭിച്ചത്. കണ്ണീരോടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചെങ്കിലും കൂവല്‍ നിര്‍ത്താന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് സംസാരം അവസാനിപ്പിച്ച് അദ്ദേഹം വേദി വിട്ടു. കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും അദ്ദേഹം പിന്നിട് പ്രതികരിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഇന്നലെ സ്‌കൂളില്‍ സമ്പൂര്‍ണ രക്ഷിതാക്കളുടെ യോഗം വിളിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് മാനേജ്‌മെന്റ് യോഗം നടത്തിയത്. ഇതിന്റെ തെളിവായിരുന്നു നിലപാടുകളെ എതിര്‍ത്ത് സംസാരിക്കാന്‍ ആര് എത്തിയാലും കൂവി വിളിച്ച് സംസാരിക്കാനുള്ള അവസരം നിഷേധിച്ചത്. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ പോലും സംസാരിക്കാന്‍ ഇവര്‍ അനുവദിച്ചില്ല. പിന്നീട് നടന്ന പിടിഎ തെരഞ്ഞെടുപ്പും മൂന്‍കൂട്ടി നിശ്ചയിച്ച അജണ്ട നടപ്പാക്കുകയായിരുന്നു. ആദ്യം പിടിഎ രൂപീകരിക്കുന്നതില്‍ നിന്ന് വഴുതി മാറാന്‍ ശ്രമിച്ചെങ്കിലും സബ് കളക്ടറുടെ പ്രതിനിധി കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് ഭാരവാഹികളെ നിശ്ചയിച്ചത്. ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അദ്ധ്യാപകരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ട്രിനിറ്റി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. അദ്ധ്യാപികമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതില്‍ വിധി വന്നശേഷം മതി അറസ്റ്റ് നടപടികളെന്നാണ് പോലീസിന്റെ നിലപാട്. ആരോപണവിധേയരായ ക്രസന്റ്‌നേവിസ്, സിന്ധു പോള്‍ എന്നീ അദ്ധ്യാപികമാര്‍ സസ്‌പെന്‍ഷനിലും ഒളിവിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.