പൈപ്പ് പൊട്ടി; എള്ളുവിള റോഡ് പുഴയായി

Monday 30 October 2017 2:09 pm IST

വിളപ്പില്‍: എള്ളുവിള റോഡിലെ ജലവിതരണ പൈപ്പ് ദിവസങ്ങളായി പൊട്ടിയൊഴുകി റോഡ് പുഴയായിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ പൈപ്പുകള്‍ പമ്പിംഗ് നടക്കുമ്പോഴുള്ള അമിത സമ്മര്‍ദത്താല്‍ പൊട്ടുന്നത് ഇവിടെ പതിവാണ്. നാലുദിവസം മുമ്പ് ഈ റോഡില്‍ പൈപ്പ് പൊട്ടി നേരിയ തോതില്‍ നീരൊഴുക്കുണ്ടായി. നാട്ടുകാര്‍ വിവരം വാട്ടര്‍ അതോറിറ്റിക്കാരെയും കരാറുകാരനെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ശനിയാഴ്ച അര്‍ധരാത്രിയോടെ നീരൊഴുക്ക് ശക്തമായി. എള്ളുവിള റോഡിന്റെ 200 മീറ്ററോളം വെള്ളത്തിനടിയിലായി. റോഡിന്റെ വശങ്ങളിലുള്ള വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി. വിളപ്പില്‍ശാല ക്ഷേത്രക്കവല, മാര്‍ക്കറ്റ് ജംഗ്ഷന്‍, വാഴവിളാകം, പുന്നശേരി തുടങ്ങിയ പ്രദേശങ്ങളിലും പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ട്. ഇരുപത് വര്‍ഷം മുമ്പ് 500 കുടുംബങ്ങള്‍ക്ക് ജലവിതരണത്തിനായാണ് നൂലിയോട് ശുദ്ധജല സംഭരണി സ്ഥാപിച്ചത്. ഇന്ന് അയ്യായിരത്തിനു മുകളില്‍ ഗാര്‍ഹിക കണക്ഷനുകള്‍ക്കാണ് ഇവിടെ നിന്ന് ജലവിതരണം. ഉപഭോക്താക്കളുടെ വര്‍ധന കണക്കിലെടുത്ത് കൂടുതല്‍ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താന്‍ വലിയ സമ്മര്‍ദം വേണ്ടിവരുന്നു. സമ്മര്‍ദം ഏറുന്നതോടെ പൈപ്പ് പൊട്ടല്‍ ഇവിടെ തുടര്‍ക്കഥയാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.