ശങ്കരനും നാരായണനും ചേര്‍ന്ന് വാഴുന്ന ശങ്കരന്‍ കോവില്‍

Monday 30 October 2017 8:48 pm IST

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് ശങ്കരനാരായണസ്വാമി ക്ഷേത്രം-ശിവകാശിക്കടുത്ത്. തിരുനെല്‍വേലിയിലെ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്- പൃഥ്വിലിംഗമാണ് ഇവിടെ. ദീരുകാപുരം(വെള്ളം), തെങ്കല (വായു), കരി വലംവന്തനല്ലൂര്‍(അഗ്നി), ദേവതാനം (ആകാശം) എന്നിവയാണ് മറ്റ് നാല് ക്ഷേത്രങ്ങള്‍. ശങ്കരര്‍ കോവില്‍ ആയിരുന്നു മുമ്പ് ഈ ക്ഷേത്രം, പിന്നീട് ശങ്കരനാരായണ ക്ഷേത്രമായതാണെന്ന് പറഞ്ഞുവരുന്നു. ഇപ്പോള്‍ പ്രധാന വിഗ്രഹം രണ്ടു ദേവന്മാരും ചേര്‍ന്നതാണ്. വിഗ്രഹത്തിന്റെ വലതുവശത്ത് ശിവലിംഗമാണ്-ചന്ദനം പൂശിയിരിക്കുന്നു. തലയിലൂടെ ചുറ്റിയ നിലയില്‍ നാഗം, ചന്ദ്രക്കല, മാന്‍ എന്നിവ ചൂടിയ ശിവന്റെ രൂപവുമുണ്ടിതിനു മുകളില്‍. ഇടതുവശത്ത് ശംഖ-ചക്രധാരിയായ വിഷ്ണു. ഹരിയും ഹരനും ഒരുമിച്ചുള്ള ഈ വിഗ്രഹം ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ്. ശിവപത്‌നിയായ ഗോമതി അമ്മന്‍ ഹരിയേയും ഹരനേയും ഒരുമിച്ച് ഒറ്റ മൂര്‍ത്തിയായി കാണാന്‍ ആഗ്രഹിച്ച് അതിനായി തപസ്സനുഷ്ഠിച്ചു. ഭൂമിയില്‍ പുംഗവനക്ഷേത്രത്തിനടുത്ത് ആടിമാസത്തിലെ ഒമ്പതുദിവസമാണ് തപസ്സനുഷ്ഠിച്ചത്. പൗര്‍ണമി നാളില്‍ ഹരിയും ഹരനും ചേര്‍ന്ന രൂപത്തില്‍ ശിവന്‍ അവര്‍ക്ക് ദര്‍ശനം നല്‍കി. ആ തപസ്സിന്റെ ഓര്‍മ്മയ്ക്ക് ആടിമാസത്തില്‍ വിപുലമായ രീതിയില്‍ ഇവിടെ ആണ്ടുതോറും ഉത്സവം നടത്താറുണ്ട്. മറ്റൊരൈതിഹ്യമുണ്ട്-ശംഖനും പത്മനും (ക്രമത്തില്‍ ശിവനേയും വിഷ്ണുവിനേയും ആരാധിക്കുന്ന സര്‍പ്പരാജാക്കന്മാര്‍) ഹരിക്കാണോ ഹരനാണോ പ്രാമുഖ്യം എന്നതിനെച്ചൊല്ലി തര്‍ക്കം ആരംഭിച്ചു. ഇരുവരുടെയും സംയോഗത്തിലൂടെ പരമസത്യം വ്യക്തമാക്കി ശിവന്‍. നാടു ഭരിച്ചിരുന്ന ഉഗ്രപാണ്ഡ്യന്‍ നിത്യവും ആനപ്പുറത്ത് മധുരക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുക പതിവായിരുന്നു. ഒരുനാള്‍ രാജാവിനെ വഹിച്ചിരുന്ന ആന ഒരു കുഴിയിലെത്തി അവിടെ നിലയുറപ്പിച്ചു, അനങ്ങാന്‍ കൂട്ടാക്കിയില്ല. വിഷണ്ണനായ രാജാവിന് സമീപം ഒരു ഹരിജന്‍ ഓടിയെത്തി. സമീപത്തെ കാട്ടില്‍ ഉറുമ്പുകളുടെ പുറ്റിനു സമീപമുള്ള ശിവലിംഗത്തില്‍ ഒരു സര്‍പ്പം ചുറ്റിക്കിടന്നുണ്ടെന്നറിയിച്ചു. ഇതു ചെന്നു കണ്ട രാജാവ് അതിനു ചുറ്റുമായി ക്ഷേത്രം പണി കഴിപ്പിച്ചു എന്നാണ് വേറെ ഒരു ഐതിഹ്യം. ഈ പുറ്റിലെ മണ്ണ് ചര്‍മ്മരോഗങ്ങളും പുണ്ണുകളും മാറ്റാന്‍ ഉത്തമമത്രെ. ചെറിയ ഉരുളകളായി ക്ഷേത്രത്തില്‍ ഈ മണ്ണ് വില്‍പ്പനയ്ക്കുണ്ട്. വീടുകളിലും തറവാടുകളിലും നാഗകോപമോ നാഗസാന്നിദ്ധ്യമോ ഇല്ലാതിരിക്കാന്‍ വെള്ളിയിലും പിച്ചളയിലുമൊക്കെയുള്ള നാഗരൂപങ്ങള്‍ പ്രാര്‍ത്ഥനയോടെ ഭക്തര്‍ ഈ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുന്നു. ഗോമതി അമ്മനു മുമ്പിലുള്ള ശ്രീചക്രപീഠത്തെ ഭജിച്ചാല്‍ മാരകരോഗങ്ങള്‍ ശമിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.നാഗസുനായ് എന്ന തീര്‍ത്ഥക്കുളം, ശങ്കരനാരായണ സ്വാമിയുടെ അഭിഷേകാവശ്യത്തിന് വെള്ളം കിട്ടാനായി സര്‍പ്പ രാജാക്കന്മാരായ ശംഖനും പത്മനും കുഴിച്ചതത്രെ. ഈ തീര്‍ത്ഥജലത്തിന്റെ രോഗശമനശേഷി വിഖ്യാതമാണ്. രോഗികള്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച ശേഷമാണ് ദേവിയെ തൊഴുന്നത്. ഇവിടെ സ്ഫടികലിംഗമുണ്ട്. എല്ലാ അഭിഷേകവും നടത്തുന്നത് സ്ഫടികലിംഗത്തിലാണ്. ആചാരാനുഷ്ഠാനങ്ങളോടെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചയം. ക്ഷേത്രഗോപുരം വളരെ വലിയതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ ഗോപുരം ഇതത്രെ. ജൂലായ് മാസത്തില്‍ നടക്കുന്ന പത്തുദിവസത്തെ ആടി തപസ്സ് ഉത്സവക്കാലത്ത് ആഹ്ലാദവതിയായ ദേവി കൂടുതല്‍ കാരുണ്യം കാണിക്കുമെന്ന വിശ്വാസത്തില്‍ രോഗശാന്തി പ്രാര്‍ത്ഥിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഇവിടെയെത്തുന്നു. രോഗശാന്തി ആഗ്രഹിച്ച് എത്തുന്നവര്‍ തീര്‍ത്ഥക്കുളത്തില്‍ ഉപ്പും പഞ്ചസാരയും വലിച്ചെറിയുന്നതും പതിവാണ്. അവ വെള്ളത്തില്‍ ലയിക്കുന്ന വേഗതയില്‍ രോഗങ്ങള്‍ കഴിഞ്ഞുപോകും എന്നാണ് വിശ്വാസം. തിരുനെല്‍വേലിയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ശങ്കരനാരായണക്ഷേത്രം-തെങ്കാശിക്കും ശ്രീമില്ലിപുത്തൂരിനും മദ്ധ്യേ. രാവിലെ 6 ന്, 6.30 ന്, 8.30 ന്, 10.30 ന് പൂജകളുണ്ട്. 12.30 ന് ഉച്ചപൂജ. വൈകുന്നേരം 5.30 ന് സായം രക്ഷാപൂജ, രാത്രി 9 ന് അര്‍ദ്ധക്ഷാമ പൂജ. രാവിലെ 5.30 ന് നട തുറന്ന് ഉച്ചയ്ക്ക് 12.30 ന് അടയ്ക്കും. വൈകിട്ട് 4 ന് തുറന്ന് 9.30 ന് അടയ്ക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.