മാര്‍ക്‌സിസ്റ്റുകളുടെ ഭക്തിപ്രസ്ഥാനം!

Monday 30 October 2017 9:02 pm IST

ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും വഴിപാടു കഴിച്ചതും സിപിഎമ്മിനകത്തും പുറത്തും വലിയ വിവാദമുണ്ടാക്കിയല്ലോ. സാധാരണക്കാരായ അണികള്‍ക്കു മാതൃകയായി നിലകൊള്ളേണ്ട സഖാവ് അരുതാത്തതു ചെയ്തു എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനമെങ്കില്‍ മന്ത്രിപുംഗവന്റെ നടപടി കൊടിയ അപരാധമാണെന്നാണ് ഒരു അവതാരക ആക്ഷേപിച്ചത്. ദൈവനിഷേധിയായ പ്രത്യയശാസ്ത്രം നെഞ്ചേറ്റി നടക്കുന്നവര്‍ ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നതല്ലേ യഥാര്‍ത്ഥ ആത്മവഞ്ചനയും കാപട്യവും? ഈശ്വരനില്‍ വിശ്വസിക്കുന്നവനും വിശ്വസിക്കാത്തവനും ഹിന്ദുവാണെന്ന് സമ്മതിക്കാം. എന്നാല്‍ അമ്പലങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് ആരാധിക്കാനുള്ളതാണ്. അവിശ്വാസികള്‍ വിശ്വാസികളുടെ കാര്യത്തിലും, വിശ്വാസികള്‍ അവിശ്വാസികളുടെ കാര്യത്തിലും ഇടപെടാതിരിക്കുന്നതാണ് മാന്യതയും. ഞങ്ങളിലില്ലാ ഹൈന്ദവരക്തം എന്നു പാട്ടുപാടി നടക്കുന്നവര്‍ ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ വേണ്ടി ഹിന്ദുക്കളാണെന്ന് അവകാശപ്പെടുന്നതിലുംവലിയ വിരോധാഭാസമില്ല. സര്‍വധര്‍മ്മ സമഭാവനയാണ് ഭാരതത്തിന്റെ മതേതരത്വമെന്നു ഘോഷിക്കുന്നവര്‍ ഒരു വിഭാഗത്തിന്റെ മതവിഷയങ്ങളില്‍ വിവേചനപരമായി കൈകടത്തുന്നത് എന്തു യുക്തിയുടെയും ധാര്‍മികതയുടെയും അടിസ്ഥാനത്തിലാണ്? വി.ഡി. സ്മിത്ത് എന്ന ഇംഗ്ലീഷുകാരന്‍ ''ഭാരതം മതേതര രാജ്യമെന്ന നിലയ്ക്ക്'' എന്ന പേരിട്ടൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതിലദ്ദേഹം ഈ രാജ്യത്തെ സര്‍ക്കാരുകള്‍ ഹൈന്ദവകാര്യങ്ങളില്‍ മാത്രം ഇടപെടുന്നതും ക്ഷേത്രങ്ങള്‍ ഏറ്റെടുത്തു ഭരിക്കുന്നതും മതേതരത്വ വിരുദ്ധമായ ചെയ്തികളാണെന്ന് തുറന്നടിക്കുന്നു. പക്ഷേ വിദേശിക്ക് ഇക്കാര്യത്തില്‍ തോന്നുന്ന അനൗചിത്യം സ്വദേശികളായ രാഷ്ട്രീയ പ്രഭൃതികള്‍ക്ക് ബോധിക്കുന്നില്ല, അഥവാ അങ്ങനെ നടിക്കുന്നു. വലിയ ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള പ്രാപ്തി ഹൈന്ദവ സമൂഹത്തിനില്ലെന്നൊരു വാദഗതിയുണ്ട്. തങ്ങള്‍ രാജ്യം വിട്ടുപോയാല്‍ ഭാരതത്തില്‍ അരാജകത്വം നടമാടുമെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഭയപ്പെട്ടതുപോലെയാണിത്. ഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവില്ലെങ്കില്‍ അവ നശിച്ചുകൊള്ളട്ടെ എന്നു നിശ്ചയിക്കുന്നതാണ് രാഷ്ട്രീയ വേതാളങ്ങള്‍ കൈയടക്കുന്നതിലും അഭികാമ്യം. അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചന സമരകാലത്ത് പ്രസ്തുത ക്ഷേത്രം നമ്പൂതിരിക്കാണോ നായര്‍ക്കാണോ ഈഴവര്‍ക്കാണോ പുലയര്‍ക്കാണോ തുറന്നുകൊടുക്കേണ്ടതെന്ന് കേളപ്പജിയോടു ചോദിച്ച ഇഎംഎസിന് അദ്ദേഹം നല്‍കിയ മറുപടി എല്ലാ സമുദായക്കാര്‍ക്കും ഒന്നിച്ചു സമരം ചെയ്യാനറിയുമെങ്കില്‍ ഒന്നിച്ചു ക്ഷേത്രം ഭരിക്കാനും കഴിയുമെന്നാണ്. കേളപ്പജി പറഞ്ഞത് വീണ്‍വാക്കല്ലെന്ന് കാലം തെളിയിച്ചിരിക്കുകയാണല്ലൊ. ക്ഷേത്ര വരുമാനത്തില്‍നിന്ന് ചില്ലിക്കാശുപോലും മതേതര സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ചില പാര്‍ട്ടി പ്രമാണിമാര്‍ സമര്‍ത്ഥിക്കുന്നതുകണ്ടു. എങ്കില്‍ പിന്നെ മോക്ഷം കിട്ടാന്‍ വേണ്ടിയാണോ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ദേവസ്വം ബോര്‍ഡുകളുടെ ഭരണം ഏറ്റെടുക്കുന്നത് എന്ന് വ്യക്തമാക്കണം. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് ദേവസ്വം ഭരണസമിതികളെന്ന് അറിയാത്തവരില്ല. ഹിന്ദുക്കള്‍ മതംമാറ്റത്തിനു വിധേയരാകുന്നത് സ്വന്തം ധര്‍മ്മത്തിന്റെ മഹത്വവും മേന്മയും അറിയാത്തതുകൊണ്ടാണ്. പക്ഷേ ഹൈന്ദവ ധര്‍മ്മ പരിപോഷണത്തിനുവേണ്ടി യാതൊന്നും ദേവസ്വം ബോര്‍ഡുകള്‍ ചെയ്യുന്നില്ല. എന്നിട്ടും മൈതാനപ്രസംഗം നടത്തുകയാണ് അമ്പലം വിഴുങ്ങികള്‍. ദക്ഷിണേന്ത്യയില്‍ ലക്ഷത്തില്‍പ്പരം ക്ഷേത്രങ്ങള്‍ മതേതര സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തില്‍ റിപ്പോര്‍ട്ടു കണ്ടു (29.08.2017) ഇവിടങ്ങളിലെ പ്രധാന അനുഷ്ഠാനങ്ങള്‍ ഹിന്ദുധര്‍മ്മധ്വംസനവും വിഗ്രഹ കവര്‍ച്ചയുമാണ്. തമിഴ്‌നാട്ടില്‍ വിലമതിക്കാനാകാത്ത നിരവധി വിഗ്രഹങ്ങള്‍ യാതൊരു സുരക്ഷയുമില്ലാതെ പൊതുമരാമത്തു വകുപ്പ് ഗോഡൗണുകളിലാണത്രെ സൂക്ഷിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മതന്യൂനപക്ഷക്കാരനായ ഒരു പോലീസുദ്യോഗസ്ഥന്‍ ലക്ഷണമൊത്ത രണ്ടു വിഗ്രഹങ്ങള്‍ തട്ടിയെടുത്ത് ചെന്നൈയിലെ കള്ളക്കടത്തുകാരന് 15 ലക്ഷം രൂപയ്ക്ക് വിറ്റു. വിദേശത്തെത്തുമ്പോള്‍ ഈ വിഗ്രഹങ്ങളുടെ വില ഊഹിക്കാനാകില്ല. ശതകോടികള്‍ വരുന്ന ക്ഷേത്രഭൂമിയും അവയില്‍നിന്നുള്ള വരുമാനവും അന്യാധീനപ്പെട്ടു പോകുകയാണെന്നും മേല്‍ക്കാണിച്ച റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയക്കാര്‍ ക്ഷേത്രം ഭരിച്ചാലുള്ള ഭവിഷ്യത്താണിതെല്ലാം. 1957-ല്‍ കേരളത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റു മന്ത്രിസഭയിലെ മുഖ്യമന്ത്രിയായ ഇഎംഎസ് ഇന്നത്തെ മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ മസ്ജിദിനു തറക്കല്ലിട്ട സംഭവം ഇതിനോടു ചേര്‍ത്തുവായിക്കണം. മാപ്പിള ലഹളയ്ക്കുശേഷം പുതിയ പള്ളികള്‍ പണിയുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന വിലക്ക് നീക്കുന്നതിന്റെ പേരിലായിരുന്നു ഇത്. എന്നാല്‍ വിലക്കു നീക്കിയെന്നു മാത്രമല്ല, പള്ളിക്കു തറക്കല്ലുമിട്ടു വിപ്ലവകാരി എന്നതാണ് പരിഗണനാര്‍ഹം. ഇഎംഎസിന് സമര്‍പ്പിക്കപ്പെട്ടതായി കേള്‍വിയുള്ള പുലാമന്തോളിലെ ജുമാമസ്ജിദ് പ്രൗഢിയോടെ ഇന്നും നിലനില്‍ക്കുന്നു. മതാധിഷ്ഠിത പാക്കിസ്ഥാന്‍ വാദത്തെ അകമഴിഞ്ഞു പിന്തുണച്ച മതേതര കക്ഷിയുടെ നേതാവിന് അരുതാത്തതല്ല ഈവിധ കര്‍മ്മങ്ങള്‍. പക്ഷേ ഇതേ ഇഎംഎസ് ആണ് ഇമ്പിച്ചിബാവയുമായി ചേര്‍ന്ന് അങ്ങാടിപ്പുറം തളിക്ഷേത്രം അടച്ചുപൂട്ടാന്‍ പാടുപെട്ടത്. മലബാറില്‍ നബിദിന റാലിക്ക് പായസംവച്ചുകൊടുക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ശ്രീകൃഷ്ണജയന്തിയാഘോഷം അലങ്കോലപ്പെടുത്തുന്നു. മുസ്ലിങ്ങളില്‍ എത്രപേരെ ജിഹാദികളാക്കാമെന്ന പരീക്ഷണത്തിലാണ് സിപിഎം. അതുപോലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ കമ്യൂണിസമാകുന്ന 'ഭൂത'ത്തെ ഉച്ചാടനം ചെയ്യാനുദ്യമിക്കുന്ന പ്രതിലോമകാരികളുടെ പട്ടികയില്‍ കാറല്‍ മാര്‍ക്‌സ് ഒന്നാമതായി ചേര്‍ത്തിട്ടുള്ള പേര്‍ പോപ്പിന്റേതാണ്. എന്നാല്‍ ഇതേ മാനിഫെസ്റ്റോയുടെ 150-ാം വാര്‍ഷികത്തില്‍ (1998) വത്തിക്കാനില്‍ചെന്ന് പോപ്പിനെ കണ്ട് കൈമുത്തിയവരാണ് ഇന്നത്തെ കേരള മുഖ്യനടക്കമുള്ള സഖാക്കള്‍. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുമായി ചേര്‍ന്ന് കത്തോലിക്കാ സഭ യൂറോപ്പില്‍ കമ്യൂണിസത്തെ കുഴിച്ചുമൂടിയതിനെക്കുറിച്ച് പുസ്തകമെഴുതിയ ജോണ്‍ പോള്‍ രണ്ടാമനായിരുന്നു ഈ പാപ്പയെന്നറിയുമ്പോഴേ നമ്മുടെ മാര്‍ക്‌സിസ്റ്റുകളുടെ അപചയം സ്പഷ്ടമാകൂ. 'ദേശാഭിമാനി'(04-02-2012)യുടെ ഒന്നാം പേജില്‍ ''ക്രിസ്തുവിനെ കമ്യൂണിസ്റ്റുകള്‍ ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം വേണ്ട, ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളിയാണ് യേശു''വെന്ന് പിണറായി വിജയന്‍ മൊഴിഞ്ഞ വാര്‍ത്ത കണ്ടു. ആരെ എന്തില്‍ നിന്നാണ് ക്രിസ്തു മോചിപ്പിച്ചത് എന്ന് സഖാവിനു മാത്രം അറിയുമായിരിക്കും. എന്നാല്‍ മാര്‍ക്‌സിനേക്കാള്‍ മുന്തിയ വിപ്ലവകാരിയാണ് ക്രിസ്തുവെന്നാണല്ലൊ ഇദ്ദേഹത്തിന്റെ വാക്കുകളുടെ വ്യംഗ്യാര്‍ത്ഥം. ഈയിടെ മൂന്നാറില്‍ ഭൂമി കയ്യേറാനുപയോഗിച്ച കുരിശിനെപ്പോലും പിണറായി പവിത്രീകരിച്ചതു നാം കണ്ടു. പാര്‍ട്ടി അണികളോട് വീടുകളില്‍ ഗണപതിഹോമം പാടില്ലെന്ന് നിര്‍ദ്ദേശിച്ച സിപിഎം, വെഞ്ചരിപ്പ് വേണ്ടെന്ന് ഉപദേശിച്ചില്ല! (ഫോണ്‍:9447729929)    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.