നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയില്‍

Monday 30 October 2017 9:30 pm IST

എടത്വാ: കുട്ടനാട്ടില്‍ രണ്ടാംകൃഷി വിളവെടുപ്പ് പാതിവഴിയില്‍ എത്തിയപ്പോള്‍ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയില്‍. ഗുണനിലവാരമില്ലാത്ത നെല്ല് സംഭരിക്കാന്‍ കര്‍ഷകരും പാടശേഖര സമതിയും മില്ലുടമകളെ നിര്‍ബന്ധിക്കുന്നതാണ് സംഭരണം വീണ്ടും പ്രതിസന്ധിയിലായത്. ഇന്നു മുതല്‍ നെല്ല് സംഭരണം നിര്‍ത്തിവെയ്ക്കാനാണ് മില്ലുടമകളുടെ തീരുമാനം. അധിക ഈര്‍പ്പവും പതിരുമുള്ള നെല്ല് സംഭരിക്കാന്‍ തയ്യാറാകാത്ത മില്ലുടമകള്‍ക്ക് നേരേ കര്‍ഷകരും പാടശേഖര സമതികളും ഭീഷണിപ്പെടുത്തി സംഭരണം നടത്താറുണ്ടെന്ന് ഉടമകള്‍ പരാതിപ്പെടുന്നു. ഗുണമേന്മയില്ലാത്ത നെല്ല് സംഭരിച്ചാല്‍ കിന്റലിന് 60 കിലോ തൂക്കം മാത്രമേ ലഭിക്കുകയുള്ളുവെന്നും, നാലുകിലോ അധിക തൂക്കം സപ്ലൈകോയ്ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ വന്‍സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ടെന്ന് മില്ലുടമകള്‍ പറയുന്നു. കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷനാണ് സംഭരണം മുടക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭരണം മടങ്ങുന്നതോടെ കര്‍ഷകര്‍ക്ക് വീണ്ടും കനത്ത നഷ്ടം സംഭവിക്കും. കുട്ടനാട്ടിലെ പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, വെളിയനാട്, നീലംപേരൂര്‍, രാമങ്കരി പ്രദേശങ്ങളിലെ നിരവധി പാടശേഖരങ്ങളില്‍ ഇനിയും രണ്ടാംകൃഷി വിളവെടുപ്പ് നടത്താനുണ്ട്. അടുത്ത മാസം 15 ഓടെ വിളവെടുപ്പ് പൂര്‍ത്തിയാകേണ്ട പാടങ്ങളുണ്ടെന്നിരിക്കെ നെല്ല് സംഭരണം മുടങ്ങിയാല്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമാകുന്നത്. രണ്ടാംകൃഷി സംഭരണത്തിലെ പാളിച്ചയും പഞ്ചകൃഷിയുടെ ഗണ്യമായ കുറവും ഇക്കുറി അരിവില കുതിച്ചുകയറാന്‍ സാധ്യതയുണ്ടെന്ന് മില്ലുടമകളും സമ്മതിക്കുന്നു. സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍ ആകാനാണ് സാദ്ധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.