കമ്യൂണിസ്റ്റുകള്‍ കൂപ്പറിസ്റ്റുകളായി മാറി: കുമ്മനം

Monday 30 October 2017 9:57 pm IST

ബിജെപി സംസ്ഥാന സമിതിയോഗം ആലപ്പുഴയില്‍ മംഗലാപുരം എംപിയും സംസ്ഥാന
സഹപ്രഭാരിയുമായ നളിന്‍കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്യുന്നു. കുമ്മനം രാജശേഖരന്‍,
ഒ. രാജഗോപാല്‍ എംഎല്‍എ, കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, എ.എന്‍. രാധാകൃഷ്ണന്‍ സമീപം

ആലപ്പുഴ: കമ്യൂണിസ്റ്റുകാര്‍ കൂപ്പറിസ്റ്റുകളായി അധഃപതിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനജാഗ്രതാ യാത്രയോടെ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കപടമുഖം കേരള ജനത തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കുമ്മനം.
ഇടതുയാത്ര എട്ടുനിലയില്‍ പൊട്ടി. കള്ളക്കടത്തുകാരെയും സ്വര്‍ണ്ണക്കടത്തുകാരെയും സിപിഎം സംരക്ഷിക്കുകയാണ്. ഇടത് എംഎല്‍എമാരാണ് തട്ടിപ്പു പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നത്. യുഡിഎഫ് ആകട്ടെ അഴിമതിയുടെയും സ്ത്രീപീഡനത്തിന്റെയും ചെളിക്കുണ്ടില്‍ പതിച്ചുകഴിഞ്ഞു. തന്നെ പീഡിപ്പിച്ചെന്ന് സരിത രേഖാമൂലം പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നതില്‍ ദുരൂഹതയുണ്ട്.

തോമസ്ചാണ്ടിയും ഉമ്മന്‍ചാണ്ടിയും കേരള രാഷ്ട്രീയത്തിന്റെ രണ്ടുമുഖങ്ങളാണ്. ഇവര്‍ രാഷ്ട്രീയത്തെ ചണ്ടികളാക്കി മാറ്റി. തട്ടിപ്പു സംഘങ്ങള്‍ക്ക് ഇടതു വലതു മുന്നണികള്‍ സഹായം നല്‍കുകയാണ്. കേരളം ഇവരില്‍ നിന്നും വിമോചനമാണ് ആവശ്യപ്പെട്ടത്. ജനം മാറ്റത്തിന് തയ്യാറായിക്കഴിഞ്ഞു. ഇത് വ്യക്തമാക്കുന്നതാണ് ബിജെപിയുടെ ജനരക്ഷായാത്രയുടെ വിജയമെന്നും കുമ്മനം പറഞ്ഞു.

മംഗലാപുരം എംപിയും കേരളാ സഹപ്രഭാരിയുമായ നളിന്‍കുമാര്‍ കട്ടീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ സഹായിക്കാന്‍ മുഴുവന്‍ ഭാരതത്തിലെയും ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്ന സന്ദേശമാണ് ജനരക്ഷായാത്ര നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പത്ര ദൃശ്യമാദ്ധ്യമങ്ങള്‍ ഇത്രയധികം ചര്‍ച്ച ചെയ്ത മറ്റൊരു യാത്ര ഉണ്ടായിട്ടില്ല. പയ്യന്നൂരില്‍ നിന്നും തുടങ്ങിയ ജനരക്ഷായാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ജനസാഗരയാത്രയായി മാറിയതായും അദ്ദേഹം പറഞ്ഞു.

ഒ. രാജഗോപാല്‍ എംഎല്‍എ, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.