ഡോക്ടര്‍ ഒളിവിലാണ്; രോഗികള്‍ ക്യൂവിലും

Monday 30 October 2017 10:05 pm IST

ഡോക്ടര്‍മാര്‍ എത്തിയില്ല; രോഗികള്‍ തളര്‍ന്നു വീണു ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് ഡോക്ടര്‍മാര്‍ കൃത്യമായി എത്തിയില്ല ഒപിയില്‍ വരി നിന്ന രണ്ട് രോഗികള്‍ തളര്‍ന്നു വീണു. രാവിലെ എട്ടിന് ടോക്കണ്‍ വാങ്ങി ഡോക്ടറെ കാത്ത് നിന്നെങ്കിലും പതിനൊന്ന് മണിയായിട്ടും ഡോക്ടര്‍മാരെത്തിയില്ലെന്ന് രോഗികള്‍ പരാതിപ്പെട്ടു. രോഗികളും, കൂടെയുള്ളവരും ബഹളം വെച്ചു.വളരെ കാലമായി താലൂക്ക് ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലാണെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. ഒപി യില്‍ രാവിലെ പത്ത് മുതല്‍ 12 വരെ ഡോക്ടര്‍മാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കെ ഒരുമിച്ച് പോകുകയായിരുന്നു. രാവിലെ രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് എഴുന്നേറ്റു പോയ ഡോക്ടര്‍മാര്‍ തിരിച്ചെത്തിയത് രണ്ട് മണിക്കൂറിന് ശേഷമാണെന്ന് കാത്ത് നിന്നു വലഞ്ഞ രോഗികള്‍ പറഞ്ഞു. ഇതിനിടയില്‍ പല രോഗികളും തിരിച്ചു പോയിരുന്നു. പനിയും മറ്റ് അസുഖങ്ങളും മൂലം വലിയ തിരക്കായിരുന്നു ഇന്നലെ ആശുപത്രിയില്‍ അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ റൗണ്ട്‌സിനും മറ്റും പോയി എന്നാണ് അധികൃതരുടെ വിശദീകരണം. രാത്രിയിലെത്തുന്ന രോഗികള്‍ക്ക് മരുന്ന് പോലും നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. തീരമേഖലയില്‍ ആയിരങ്ങള്‍ ആശ്രയിക്കുന്ന ആതുരാലയമാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുമ്പോഴും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് നികത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് മൂലം താലൂക്ക് ആശുപത്രിലെത്തുന്ന രോഗികള്‍ക്ക് വേണ്ടത്ര സേവനം ലഭിക്കാതെ വരുന്നത് പതിവായിരിക്കുകയാണ്. ക്യാമ്പിനെത്തിയവര്‍ വലഞ്ഞു വാടാനപ്പള്ളി: തളിക്കുളത്ത് സാമൂഹ്യ നീതിവകുപ്പിന്റെ കേള്‍വി പരിശോധന ക്യാമ്പിനെത്തിയവര്‍ ഡോക്ടര്‍ എത്താത്തിനെ തുടര്‍ന്ന് മണിക്കൂറുകളോളം വലഞ്ഞു. തളിക്കുളം ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പടിയിലെ അംബേദ്കര്‍ ഹാളില്‍ ഇന്ന് രാവിലെ 10ന് ക്യാമ്പ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പില്‍ നിന്ന് യു.ഐ.ഡി കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്. കാലത്ത് 7.30നുതന്നെ രോഗികളും കുട്ടിരുപ്പുകാരും എത്തിയെങ്കിലും ഉച്ചയായിട്ടും മെഡിക്കല്‍ സംഘം എത്തിയില്ല. ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റാണ് രോഗികളെ പരിശോധിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ഡോക്ടര്‍ ഉണ്ടാകില്ലെന്നും പെരിന്തല്‍മണ്ണയില്‍ നിന്നും മറ്റൊരു ഡോക്ടറെ ഏര്‍പ്പെടാക്കിയിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ് അറിയിക്കുകയായിരുന്നു. ഇതോടെ മണിക്കൂറുകള്‍ കാത്തിരിക്കുന്നവര്‍ പലരും നിരാശരായി മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.