പാക്കിസ്ഥാനില്‍ തീപിടിത്തം; മരണം മുന്നൂറിലേറെ

Wednesday 12 September 2012 11:02 pm IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ രണ്ട്‌ ഫാക്ടറികളിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറിലേറെയായി . ചൊവ്വാഴ്ച വൈകുന്നേരമാണ്‌ കറാച്ചിയിലെയും ലാഹോറിലെയും ഫാക്ടറികളില്‍ വന്‍ തീപിടിത്തമുണ്ടായത്‌. ലാഹോറിലെ ചെരുപ്പ്‌ നിര്‍മ്മാണശാലയിലും കറാച്ചിയിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുമാണ്‌ തീ പടര്‍ന്നു പിടിച്ചത്‌. കറാച്ചിയിലെ തീ പിടിത്തത്തില്‍ 300ലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌. അപടകത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി ഇന്നലെയും തെരച്ചില്‍ തുടര്‍ന്നു. മരണസംഖ്യ ഉയരുമെന്ന്‌ കറാച്ചി പോലീസ്‌ കമ്മീഷണര്‍ റോഷന്‍ അലി ഷെയ്ക്ക്‌ പറഞ്ഞു. തീ പിടിത്തത്തില്‍ തകര്‍ന്ന കെട്ടിടം ഏത്‌ നിമിഷവും നിലംപതിക്കുന്ന അവസ്ഥയിലാണെന്നും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാനാണ്‌ സാധ്യതയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.
കറാച്ചിയില്‍ രണ്ടായിരത്തോളം പേര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയിലാണ്‌ തീപിടിത്തമുണ്ടായത്‌. നാല്‌ നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയില്‍ ഒരു വാതില്‍ മാത്രമായിരുന്നു തുറന്നു കിടന്നത്‌. ജോലി സമയം കഴിയുന്നതിന്‌ മുമ്പ്‌ തൊഴിലാളികള്‍ പുറത്തുപോകാതിരിക്കാന്‍ മറ്റ്‌ വാതിലുകള്‍ ബന്ധിക്കുന്നത്‌ പതിവായതിനാലാണിത്‌. ജനലഴികളിലൂടെ പുറത്തുചാടിയ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റു. എല്ലാ വാതിലുകളും അടഞ്ഞ്‌ കിടന്നിരുന്നതിനാല്‍ ശ്വാസം മുട്ടിയായിരിക്കും പലരും മരിച്ചതെന്ന്‌ ചീഫ്‌ ഫയര്‍ ഓഫീസര്‍ പറഞ്ഞു. ലാഹോറിലെ ചെരുപ്പ്‌ നിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. മരിച്ചവരില്‍ ഫാക്ടറി ഉടമയും മകനും ഉള്‍പ്പെടുന്നു.
ജനറേറ്ററില്‍ നിന്നുണ്ടായ തീ രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന സമീപത്തെ മുറിയിലേക്ക്‌ വ്യാപിക്കുകയായിരുന്നു. 18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ്‌ മരിച്ചവരില്‍ അധികവും. ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്‌ വാതിലിനരുകിലായിരുന്നതിനാല്‍ തീ പടര്‍ന്ന്‌ പിടിക്കുന്നതിനിടെ അകത്തുള്ളവര്‍ക്ക്‌ പുറത്തുകടക്കാന്‍ വഴിയില്ലാതെയായെന്ന്‌ ദൃക്‌സാക്ഷികളില്‍ ഒരാളായ മുഹമ്മദ്‌ അംജദ്‌ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.