കണ്ണൂര്‍: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി കണ്ണൂരില്‍ പോലീസ് അറസ്റ്റുചെയ്ത അഞ്ചുപേരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹരജി നല്കി. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദനാണ് തലശ്ശേരി ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഐഎസിന്റെ കേരള അമീര്‍ എന്ന് അവകാശപ്പെടുന്ന തലശ്ശേരി കുഴിപ്പങ്ങാട് സ്വദേശി യു.കെ.ഹംസ (57), തലശ്ശേരി കോടതിക്ക് സമീപത്തെ മനാഫ് (42), മുണ്ടേരി കൈപ്പക്കൈ മൊട്ടയിലെ കെ.സി.മിഥിലാജ് (20), ചെക്കിക്കുളത്തെ കെ.വി.അബ്ദുള്‍ റസാഖ് (24), മുണ്ടേരി പടന്നോട്ടെ എം.ബി.റാഷിദ് (23) എന്നിവരെയാണ് 15 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യംചെയ്യലിനുമാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. യുഎപിഎ ചുമത്തപ്പെട്ട കേസായതിനാല്‍ 30 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വ്യവസ്ഥയുണ്ട്. അന്വേഷണത്തിന്റെ ഒരുഘട്ടം പൂര്‍ത്തിയായതിനാല്‍ 15 ദിവസത്തേക്ക് വിട്ടുകിട്ടാനാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെ ഇന്ന് ഉച്ചക്ക് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: