യൂണിവേഴ്‌സിറ്റി നടപടിക്കെതിരെ പ്രതിഷേധം; കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാര്‍ സംഘടനകളെയും അധിക്ഷേപിച്ച് ദേശീയ സെമിനാര്‍

Monday 30 October 2017 10:18 pm IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഇ.കെ.നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ആരംഭിച്ച 'ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയം കേന്ദ്രീകരിച്ചുള്ള ദേശീയ സെമിനാര്‍ കേന്ദ്രസര്‍ക്കാരിനേയും സംഘപരിവാര്‍ സംഘടനകളേയും അടച്ചാക്ഷേപിക്കാനുളള വേദിയാക്കി മാറ്റി. യുജിസി നിഷ്‌കര്‍ഷിക്കുന്ന റൂസയുടെ ഫണ്ടുപയോഗിച്ച് നടത്തുന്ന പരിപാടി കേന്ദ്രസര്‍ക്കാരിനേയും സംഘപരിവാര്‍ സംഘടനകളേയും അടച്ചാക്ഷേപിക്കാനുളള വേദിയാക്കി മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കേണ്ട സെമിനാറിന്റെ വേദിയില്‍ പ്രസംഗിച്ച മുഖ്യമന്ത്രിയടക്കമുളള പ്രാസംഗികരെല്ലാം പ്രസംഗത്തിലുടനീളം കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാര്‍ സംഘടനകളേയും കുറ്റപ്പെടുത്താന്‍ സമയം കണ്ടെത്തുകയായിരുന്നു. ഗുജറാത്തിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും നടന്നതും ഇല്ലാത്തതുമായ സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് സംഘപരിവാര്‍ സംഘടനകളും സര്‍ക്കാരും രാജ്യത്ത് അശാന്തി വിതയ്ക്കുകയാണെന്നും മറ്റും പ്രസംഗിച്ച് സെമിനാര്‍ കൊണ്ട് എന്താണോ ലക്ഷ്യംവെയ്ക്കുന്നത് അതിന് നേര്‍വിപരീതമായ കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇടത് സഹയാത്രികയായ ടീസ്റ്റ സെത്തല്‍വാദ്, ഡോ.എ.കെ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. വെങ്കിടേഷ് ആത്രേയ, ഡോ.ജെ.പ്രഭാഷ്, ഡോ.കെ.കെ.എന്‍.കുറുപ്പ്, ഡോ.കെ.എന്‍.ഗണേഷ്, ഡോ.പി.ജെ.വിന്‍സെന്റ് തുടങ്ങിയവരുള്‍പ്പെടെ ഇടത് അനുകൂലികളായ ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരാണ് സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്. കൂടാതെ ഇന്നലെ വൈകുന്നേരം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഇടത് അനുകൂല സംഘടനയായ പുരോഗമന കലാ-സാഹിത്യ സംഘത്തിന്റെ നേതാവായ പ്രൊഫ.കെ.ഇ.എന്‍.കുഞ്ഞഹമ്മദിന്റെ പ്രഭാഷണവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. സെമിനാറിന്റെ ഭാഗമായി നടന്ന പൊതുപരിപാടി എന്ന നിലയില്‍ ഈ വേദിയും കേന്ദ്ര സര്‍ക്കാരിനെതിരേയും സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേയുമുളള പൊതുവേദിയാക്കി മാറ്റി. തുടര്‍ന്ന് പ്രസിദ്ധമാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന 'രാഗമാലിക' എന്ന പിരാപാടിയും നടന്നു. നൂറുകണക്കിന് കലാരൂപങ്ങള്‍ നാട്ടിലുണ്ടെന്നിരിക്കെ സെമിനാറിന്റെ ഭാഗമായി മാപ്പിളപ്പാട്ട് മാത്രം സംഘടിപ്പിക്കാനുളള തീരുമാനവും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. മാനദണ്ഢങ്ങളൊന്നും നിശ്ചയിക്കാതെയാണ് സെമിനാര്‍ പ്രതിനിധികളെ നിശ്ചയിച്ചതെന്നും ആരോപണം ഉണ്ട്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുളള രാഷ്്ട്രീയ ശിക്ഷന്‍ ശിക്ഷക് അഭിയാന്റെ (റൂസയുടെ) ലക്ഷക്കണക്കിന് വരുന്ന ഫണ്ടുപയോഗിച്ച് നടത്തുന്ന സെമിനാര്‍ രാഷ്ട്രീയവല്‍ക്കരിച്ചതിന് പിന്നില്‍ സിപിഎം നേതാക്കളായ ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുന്‍കയ്യെടുത്താണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.