നെല്ല് സംഭരണം സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ കര്‍ഷകര്‍ തള്ളി

Monday 30 October 2017 10:18 pm IST

കോട്ടയം: രണ്ടാം കൃഷിയുടെ നെല്ലെടുപ്പിനായി സര്‍ക്കാര്‍ മില്ലുടമകളുമായി ഉണ്ടാക്കിയ കരാര്‍ കര്‍ഷകര്‍ തള്ളി. നെല്ലിന്റെ നനവുമായി ബന്ധപ്പെട്ട് തൂക്കത്തിലുണ്ടാകുന്ന വ്യത്യാസം പരിഹരിക്കാന്‍ ഒരു ക്വിന്റല്‍ നെല്ലിന് മൂന്ന് കിലോ ഗ്രാം വരെ നെല്ലാണ് അധികമായി തൂക്കിക്കൊണ്ടിരുന്നത്. എന്നാല്‍ റേഷന്‍ വിതരണത്തിന് ഗുണമേന്മയുള്ള അരി വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശത്തിന്റെ പുറത്ത് 10 കിലോ നെല്ല് വരെ അധികം തൂക്കാന്‍ വരെ മില്ലുകാര്‍ക്ക് അനുവാദം നല്‍കിയതാണ് കര്‍ഷകരെ ചൊടിപ്പിച്ചത്.് അതേ സമയം മില്ലുകാര്‍ കുത്തിച്ചെടുക്കുന്ന അരി ബ്രാന്‍ഡാക്കി വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ അരി പകരം റേഷന്‍കടകളിലൂടെ വിതരണം ചെയ്യുന്നത്. മില്ലുകാരുടെ ഈ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ട് പിടിച്ച് വഞ്ചിച്ചെന്നാണ് കര്‍ഷകര്‍ പറയുന്നത്. മില്ലുടമകളുടെ ആവശ്യങ്ങള്‍ അതേ പടി അംഗീകരിച്ച സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ മുഖവിലക്കെടുത്തില്ല. ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ സംഭരണം നിര്‍ത്തിവയ്ക്കാനാണ് മില്ലുകാരുടെ തീരുമാനം. മില്ലുകാര്‍ ആവശ്യപ്പെടുന്നത് പോലെ ഏഴ് മുതല്‍ പത്ത് കിലോ കിഴിവ് നല്‍കിയാല്‍ വന്‍ നഷ്ടം കര്‍ഷകര്‍ സഹിക്കേണ്ടി വരും. പാഡി ഉദ്യോഗസ്ഥരും മില്ലുകാര്‍ക്കൊപ്പമാണ്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ ഇതേ കാര്യം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചത്. ജില്ലയിലെ പാടശേഖരങ്ങളില്‍ നിന്ന് 30,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കേണ്ടത്. എന്നാല്‍ ഇതിന്റെ പകുതി മാത്രമാണ് സംഭരിക്കാനായത്. 9,000 ത്തോളം കര്‍ഷകരാണ് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മില്ലുകാര്‍ സമ്മര്‍ദ്ദം തന്ത്രം തുടരുന്നതിനാല്‍ നെല്ലെടുപ്പ് മന്ദഗതിയിലാണ്. മാത്രമല്ല കര്‍ഷകരും മില്ലുകാരും തമ്മില്‍ പാടങ്ങളില്‍ സംഘര്‍ഷങ്ങളും ഉണ്ടായി. ഇന്നലെ ആര്‍പ്പുക്കരയില്‍ അഞ്ച് ലോറികള്‍ കര്‍ഷകര്‍ തടഞ്ഞിട്ടു. തുലാമഴ പെയത് തുടങ്ങിയതോടെ പാടത്ത് കിടക്കുന്ന നെല്ല് കിളര്‍ത്ത് തുടങ്ങിയിട്ടുണ്ട്. ഇത് കര്‍ഷകരില്‍ കൂടുതല്‍ ആശങ്ക പരത്തിയിരിക്കുകയാണ്. അതേ സമയം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ഉറപ്പുകള്‍ കര്‍ഷകര്‍ തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മില്ലുടമകള്‍ പറയുന്നു. ഭക്ഷ്യ, കൃഷി മന്ത്രിമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഇന്ന് മുതല്‍ സംഭരണം നിര്‍ത്തി വയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.