ശരണം വിളികള്‍ക്ക് ദിവസങ്ങള്‍ മാത്രം കെഎസ്ആര്‍ടിസി യാര്‍ഡിന്റെ പുനര്‍നിര്‍മ്മാണത്തിന് പണമില്ല

Monday 30 October 2017 10:20 pm IST

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ എത്താന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പുനര്‍നിര്‍മ്മാണം ത്രിശങ്കുവില്‍. ഇക്കാരണത്താല്‍ സ്റ്റാന്റിന്റെ യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പകരം കുഴിമൂടല്‍ മാത്രമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ കോര്‍പ്പറേഷന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതി മൂലം ഈ പ്രവൃത്തി ചെയ്യാന്‍ പോലും കരാറുകാര്‍ തയ്യാറാകുന്നില്ല. ശബരിമല സീസണില്‍ ആദ്യ ഘട്ടത്തില്‍ 35 ബസ്സുകളും രണ്ടാം ഘട്ടത്തില്‍ 15 ബസ്സുകളുമാണ് ഓടിക്കുന്നത്. ഈ ബസ്സുകള്‍ എവിടെ കൊണ്ടു പോയി ഇടുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോള്‍ തന്നെ സ്റ്റാന്റിലേക്ക് ബസ്സുകള്‍ കയറി വരുന്നയിടത്ത് ഒന്നിലധികം വണ്ടികള്‍ വരുമ്പോള്‍ സ്റ്റാന്റ് നിശ്ചലമാകും. ബസ്സുകളുടെ നീണ്ട നിര ഉണ്ടാകുന്നതോടെ റോഡിലും ഗതാഗത തടസ്സം ഉണ്ടാവും. ഈ സാഹചര്യത്തില്‍ പുതിയതായി ബസ്സുകള്‍ കൂടി വരുന്നതോടെ ഗതാഗതകുരുക്ക് രൂക്ഷമാവും. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നവരും ബസ്് സ്റ്റാന്റില്‍ നേരിട്ട് വരുന്നവരും സ്റ്റാന്റിലെ പാതാളക്കുഴികള്‍ അടയ്ക്കുന്നതിന് പകരം യാര്‍ഡ് മുഴുവനായി കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. കുഴികള്‍ നിമിത്തം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ നിത്യസംഭവമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കൊട്ടിഘോഷിച്ച് ആധുനി കെട്ടിട സമുച്ചയ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണത്തിന് മണ്ണ് മാറ്റിയ ഭാഗങ്ങളില്‍ മാലിന്യമാണ് നിക്ഷേപിക്കുന്നത്. വാണിജ്യ സമുച്ചയം ഉള്‍പ്പെടെ 50 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ് പറഞ്ഞത്.എന്നാല്‍ സര്‍്ക്കാര്‍ മാറിയതോടെ പദ്ധതിയും നിലച്ചു. സ്റ്റാന്റിലെ പൊടിയും ചെളിയും സഹിച്ച് ബസ് കാത്ത് നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ഇതിനിടെ രാത്രിയില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. ഇതോടെ രാത്രിയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ബസ്സുകളുടെ വിവരം നല്‍കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.