വികസന പദ്ധതികള്‍ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി

Wednesday 12 September 2012 11:05 pm IST

കൊച്ചി: സംസ്ഥാന വികസനത്തിന്‌ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ എമെര്‍ജിങ്‌ കേരള ആഗോള നിക്ഷേപകസംഗമത്തിന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക്‌ പ്രതീക്ഷയോടെ കാതോര്‍ത്ത സംസ്ഥാന സര്‍ക്കാരിനേയും നിക്ഷേപകസംഗമത്തിനെത്തിയ പ്രതിനിധികളേയും ഒരുപോലെ നിരാശരാക്കിക്കൊണ്ടാണ്‌ ഡോ. മന്‍മോഹന്‍സിംഗ്‌ പ്രസംഗം പൂര്‍ത്തിയാക്കിയത്‌. കേരളത്തിന്‌ ഐഐടി സജീവ പരിഗണനയില്‍ എന്ന ആവര്‍ത്തനം ആരും മുഖവിലക്കെടുക്കുന്നില്ല.
2003 ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ നടത്തിയ ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി 10000 കോടി രൂപയുടെ പദ്ധതികളാണ്‌ കേരളത്തിനായി പ്രഖ്യാപിച്ചത്‌. ജിമ്മിന്‌ തുടര്‍ച്ചയായി 30000 കോടിയുടെ വികസന പദ്ധതികള്‍ സംസ്ഥാനത്ത്‌ എത്തുകയും ചെയ്തു. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച്‌ സംഘടിപ്പിച്ച എമെര്‍ജിങ്‌ കേരളയ്ക്ക്‌ കനത്ത ആഘാതമാണ്‌ വികസന പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ വേദിവിട്ടിറങ്ങിയ പ്രധാനമന്ത്രി നല്‍കിയത്‌. ഇതോടെ പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ മുഖം രക്ഷിക്കുന്നതിന്‌ പത്തിന ആവശ്യങ്ങള്‍ വച്ചിരിക്കുകയാണ്‌. എന്‍ഡോസള്‍ഫാന്‍ പ്രത്യേക പാക്കേജ്‌, വിദ്യാഭ്യാസ വായ്പ, മലയാളത്തിന്‌ ക്ലാസിക്കല്‍ പദവി, ഐഐടി എന്നിവയുള്‍പ്പെടെയാണ്‌ സംസ്ഥാന മന്ത്രിസഭായോഗം പ്രധാനമന്ത്രിയുടെ മുന്നില്‍വച്ച ആവശ്യങ്ങള്‍. ഇന്ന്‌ രാവിലെ മറൈന്‍ഡ്രൈവില്‍ നടക്കുന്ന മെട്രോറെയില്‍ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രിയെക്കൊണ്ട്‌ പ്രഖ്യാപനങ്ങള്‍ നടത്തിച്ചുകൊണ്ട്‌ മുഖം രക്ഷിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം.
സുസ്ഥിര വികസനത്തിനായി കരുത്തുറ്റ നിക്ഷേപക കേന്ദ്രമായി മാറാന്‍ കേരളത്തിന്‌ കഴിയണമെന്ന്‌ എമെര്‍ജിങ്‌ കേരളയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ പറഞ്ഞു. തൊഴിലധിഷ്ഠിത ചെറുകിട നിര്‍മ്മാണ മേഖലയില്‍ കേരളത്തിന്‌ വലിയ സാധ്യതകളാണുള്ളത്‌. ചെറുകിട സംരംഭങ്ങള്‍ക്ക്‌ പരമാവധി സഹായവും പ്രോത്സാഹനവും നല്‍കണം. തൊഴിലവസരങ്ങള്‍ തേടിപ്പോകുന്നതിനും പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും സമര്‍ത്ഥരാണ്‌ മലയാളികള്‍. രാജ്യത്തിന്‌ പുറത്ത്‌ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം രണ്ട്‌ മില്യനോളം വരും. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 22 ശതമാനത്തിലധികം വരുന്ന പണമാണ്‌ ഇവര്‍ സംസ്ഥാനത്തേക്ക്‌ അയക്കുന്നത്‌. ഹോട്ടല്‍, ആശുപത്രി, ഷോപ്പിംഗ്‌ കോംപ്ലക്സ്‌ തുടങ്ങിയ മേഖലകളില്‍ പ്രവാസി വ്യവസായികള്‍ നടത്തുന്ന നിക്ഷേപം ഭൗതിക, അടിസ്ഥാന സൗകര്യ വികസനത്തിന്‌ സഹായകരമാണ്‌.
5100 കോടി രൂപ ചെലവ്‌ വരുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ അറുതി വരുത്താനാകും. പുതുവൈപ്പിനിലെ ദ്രവ-പ്രകൃതി വാതക ടെര്‍മിനല്‍ പൂര്‍ത്തിയാവുന്നതോടെ ഊര്‍ജം, മത്സ്യബന്ധനം, ഭക്ഷ്യസംസ്ക്കരണം എന്നീ മേഖലകളിലേക്ക്‌ പ്രകൃതിവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരമുള്ള ഇന്‍ക്യുബേറ്ററുകള്‍ വഴി സംരംഭക ജോലികളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ 20 ശതമാനം ഹാജരും നാല്‌ ശതമാനം ഗ്രേസ്‌ മാര്‍ക്കും ഏര്‍പ്പെടുത്തുമെന്ന്‌ ചടങ്ങില്‍ പ്രസംഗിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവിധ വികസന പദ്ധതികളിലൂടെ സുസ്ഥിര വികസനമാണ്‌ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്ത്‌ നിക്ഷേപം നടത്താന്‍ തയ്യാറാവുന്നവര്‍ക്ക്‌ കാലതാമസം വരുത്താതെ വേഗത്തിലുള്ള അനുമതി ഉറപ്പ്‌ നല്‍കും. കുറുക്കുവഴികളിലൂടെയല്ലാതെ നിയമപരിധിക്കുള്ളില്‍നിന്നുകൊണ്ടാണ്‌ പദ്ധതികള്‍ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികള്‍ വരുമ്പോള്‍ അവസാനിക്കാതെ തുടരുന്ന വിവാദങ്ങള്‍ സംസ്ഥാന താല്‍പ്പര്യത്തിന്‌ വിരുദ്ധമാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നേടിയ സംസ്ഥാനത്തെ യുവജനങ്ങളാണ്‌ സംസ്ഥാനത്തിന്റെ സമ്പത്തെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കേരള വികസനത്തിന്‌ സമഗ്ര സംഭാവനകള്‍ ചെയ്ത മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പങ്ക്‌ അനുസ്മരിച്ചുകൊണ്ട്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ഗവര്‍ണര്‍ എച്ച്‌.ആര്‍.ഭരദ്വാജ്‌, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ.അഹമ്മദ്‌, കെ.സി.വേണുഗോപാല്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വ്യവസായവകുപ്പ്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സ്വാഗതവും ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ നന്ദിയും പറഞ്ഞു.
കേരളത്തില്‍ 'മികവിന്റെ കേന്ദ്രം' തുടങ്ങുമെന്ന്‌ പ്രഖ്യാപിച്ച കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്‌ പ്രസിഡന്റ്‌ ആദി ഗോദ്‌റേജ്‌ മാത്രമാണ്‌ ഉദ്ഘാടനസമ്മേളനത്തില്‍ സര്‍ക്കാരിന്‌ അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കിയത്‌.
എസ്‌. സന്ദീപ്‌


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.