ആധാര്‍ ഭരണഘടനാ ബെഞ്ചിന്

Monday 30 October 2017 10:35 pm IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. നവംബര്‍ അവസാന ആഴ്ച മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആധാറിനെ അനുകൂലിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്രസര്‍ക്കാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഇരുപതിലേറെ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ആധാര്‍ ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, ശ്യാംദിവാന്‍ എന്നിവര്‍ വാദിച്ചു. ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഫെബ്രുവരിയിലോ മാര്‍ച്ചിലോ വാദം ആരംഭിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. അതുവരെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നവംബര്‍ അവസാനത്തോടെ വാദം തുടങ്ങാന്‍ തീരുമാനിച്ചത്. സിബിഎസ്ഇ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന ഹര്‍ജിക്കാരുടെ ആരോപണം അറ്റോര്‍ണി ജനറല്‍ നിഷേധിച്ചു. ആധാറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിക്കുന്നതിന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിനെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു, സ്വകാര്യത മൗലികാവകാശം തന്നെയെന്നായിരുന്നു വിധി. സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള തീയതി മാര്‍ച്ച് മുപ്പത്തിയൊന്നു വരെ നീട്ടുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.