കണ്ണൂര്‍ വിമാനത്താവളം: ഡിപിആര്‍ നാലു മാസത്തിനകം

Monday 30 October 2017 10:40 pm IST

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാല് വരിയായി വികസിപ്പിക്കാനുള്ള വിശദമായ അലൈന്‍മെന്റ് പ്രൊപ്പോസല്‍ രണ്ടു മാസത്തിനകം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അലൈന്‍മെന്റ് അന്തിമമാക്കി വിശദമായ പ്രൊജക്ട് റിപ്പോട്ട് (ഡിപിആര്‍) തയ്യാറാക്കാനുള്ള ഏജന്‍സിയെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡിപിആര്‍ നാലു മാസത്തിനകം തയ്യാറാക്കാനാണ് യോഗത്തില്‍ ധാരണയായത്. ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ബുദ്ധിമുട്ട് കുറച്ച് വേണം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. റോഡ് വികസനത്തിന്റെ ഭാഗമായി കടകള്‍ ഒഴിപ്പിക്കുമ്പോള്‍ വാടകക്കാരായി കച്ചവടം ചെയ്യുന്നവരുടെ പ്രശ്‌നം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നഷ്ടപരിഹാരം ഉടമകള്‍ക്കാണ് നല്‍കുക. എന്നാല്‍ ഒഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളിലെ വാടകക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്ന കാര്യം കൂടി പരിഗണിച്ച് ആവശ്യമായ നടപടികള്‍ കൈക്കാള്ളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രണ്ടുമാസത്തിനകം ഈ റോഡുകളുടെ അലൈന്‍മെന്റ് പ്രൊപ്പോസല്‍ അന്തിമമാക്കി കിഫ്ബി ബോര്‍ഡിന് സമര്‍പ്പിക്കും. സ്‌കൂളുകളുടെ സ്ഥലം റോഡിന് ഏറ്റെടുത്താല്‍ പകരം സ്ഥലം ലഭ്യമാക്കുക ്രപയാസമായിരിക്കുമെന്നതിനാല്‍ അലൈന്‍മെന്റില്‍ ആവശ്യമായ മാറ്റം വരുത്താനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഭൂമി സംബന്ധിച്ച തീരുമാനമായതിനാല്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തിയുടെ നടപടികളുമായി വേഗത്തില്‍ തന്നെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കലക്ടര്‍ മീര്‍ മുഹമ്മദലി, കിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ പി.ബാലകിരണ്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി.ജോസ്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേഷ് ഭാസ്‌ക്കര്‍, അസി. കലക്ടര്‍ ആസിഫ് കെ യൂസഫ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.