ചെന്നൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Tuesday 31 October 2017 10:38 am IST

ചെന്നൈ: ചെന്നൈയില്‍ വീണ്ടും കനത്ത മഴ. രണ്ടു ദിവസമായി പെയ്യുന്ന മഴ ഇന്നും തുടരുകയാണ്.  മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 28നാണു വടക്കുകിഴക്കന്‍ മണ്‍സൂണ്‍ തമിഴ്‌നാട്ടില്‍ പെയ്തു തുടങ്ങിയത്. മഴ ചെന്നൈ നിവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മഴ തുടരുമെന്ന അറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ എടുത്തതായി അധികൃതര്‍ പറഞ്ഞു. 'മഴയെ നേരിടാന്‍ ചെന്നൈ തയാറെടുത്തു. വെള്ളക്കെട്ട് രൂപപ്പെടുന്ന മുന്നൂറിലധികം സ്ഥലങ്ങള്‍ വൃത്തിയാക്കി. വെള്ളം വലിച്ചെടുക്കാനുള്ള 400 പമ്പുകള്‍ തയാറാക്കിവച്ചിട്ടുണ്ട്' മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണര്‍ ഡി. കാര്‍ത്തികേയന്‍ പറഞ്ഞു. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പെയ്യുന്ന ശക്തിയില്‍ തന്നെ രണ്ടു ദിവസം കൂടി മഴ പെയ്യുകയാണെങ്കില്‍ ചെന്നൈയില്‍ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 2015 ഡിസംബറില്‍ ചെന്നൈയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 150 പേര്‍ മരിച്ചിരുന്നു. 70 ദശലക്ഷം ആളുകളാണ് അന്ന് മഴദുരിതം അനുഭവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.