കെണിവെച്ചു പിടിക്കുക എന്ന പരിപാടി പണ്ടേയുളളതാണ്. പ്രത്യേകിച്ചു രാഷ്ട്രീയത്തില്‍. കലിപ്പു തോന്നുന്നവരെ നേതാക്കള്‍ കെണിവെച്ചു പിടിക്കും. സിപിഎമ്മിനിതു ശീലമാണ്. ഇങ്ങനെ കുറെ കെണി ഒരുക്കിയതുകൊണ്ടാവണം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൊടുവള്ളിയില്‍ കെണിയിലായത്. കൊടുവള്ളിയില്‍ സ്വര്ണ്ണക്കള്ളക്കടത്തുകാരന്റെ ആഡംബരക്കാറില്‍ കോടിയേരി ജനജാഗ്രതാ ജാഥയില്‍ സുഖകരമായി സഞ്ചരിച്ചാണ് കെണിയിലായത്. ഇപ്പോള്‍ പണിമുഴുവന്‍ പ്രാദേശിക നേതൃത്വത്തിന്.
ആഡംബരക്കാറാണെന്നു കണ്ടപ്പോള്‍ കോടിയേരിക്കു മനസിലായില്ലേ. കണ്ണുകെട്ടിയാണോ കോടിയേരി കാറില്‍ കയറിയത്. ഏതുപോഴനും ഈ ചോദ്യം ചോദിക്കാം. ചോദ്യങ്ങളേ പാടില്ല എന്നാണല്ലോ സിപിഎം നയം. നോതാക്കള്‍ പറയുന്നതും ചെയ്യുന്നതു എന്താണോ അതാണ് സിപിഎം. പോരാത്തതിന് സിപിഎമ്മിന്റെ ജഡ്ജിയദ്ദേഹമായ എളമരം കരീം തീര്‍പ്പു കല്പ്പിച്ചതോടുകൂടി എല്ലാം ശരിയായി, പ്രാദേശിക നേതൃത്വം ശ്രദ്ധിക്കണമായിരുന്നുവത്രേ. പാര്‍ട്ടി നേതാക്കള്‍ എന്തു വിക്രമത്വം കാട്ടിയാലും രക്ഷിച്ചെടുക്കാന്‍ കരീമിനെപ്പോലൊരു ന്യായാധിപനുള്ളതു ഭാഗ്യം.
നേതാക്കള്‍ക്കു സുഖിക്കാന്‍ വെറകുവെട്ടുകയും വെള്ളംകോരുകയും ചെയ്യുന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിചാരിച്ചു കാണും കോടിയേരിക്കൊരു പണികൊടുക്കാമെന്ന്. കൊടുത്തു. സ്ഥിരം കെണിവെക്കുന്നവര്ക്കു കെണികിട്ടുന്നത് ഇങ്ങനെയാകും. എന്തായാലും പിണറായി സഖാവിനു സുഖിച്ചുകാണണം. തന്റെ പാര്‍ട്ടിയിലെ ശത്രുവിന് അങ്ങനെ പണികിട്ടി! ലാവ്ലിന് കേസില്‍ പിണറായി താഴെയിറങ്ങുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ മനസില്‍ കുപ്പായം തയ്പ്പിച്ചു കാത്തിരുന്നയാളാണ് കോടിയേരിയെന്ന് പിണറായിക്കറിയാം.
ജന ജാഗ്രതായാത്ര എന്നാണു പേരെങ്കിലും വടക്കന്‍ ജാഥ നയിക്കുന്ന കോടിയേരി തന്നെ ജാഗ്രത തെറ്റിച്ചപ്പോള്‍ ഇനി ആരുടെ ജാഗ്രത എന്നാണ് പാര്ട്ടിക്കാര് ചോദിക്കുന്നത്. കള്ളക്കടത്തുകാരും ക്രിമിനലുകളും സ്പോണ്സര് ചെയ്ത യാത്രയാണോ ഇതെന്നു ജനം ചോദിക്കുന്നുണ്ട്. ആകെ നാണംകെട്ട യാത്രയായിപ്പോയി. പക്ഷേ നയിക്കാതെ എന്തുചെയ്യും. ഇനി എന്തെല്ലാം കാണാനിരിക്കുന്നു.
അല്ലെങ്കിലും സെക്രട്ടറി ആയശേഷം കോടിയേരി പിടിക്കുന്നതെല്ലാം പുലിവാലാണ്. അതിനു ന്യായീകരണം പറയുന്നതാകട്ടെ വലിയ മണ്ടത്തരവും അഹങ്കാരവും. പിന്നെ സിപിഎം ആയതുകൊണ്ട് അതിലപ്പുറം പോകാനുള്ള സംസ്ക്കാരം ഇല്ലെന്നും നാട്ടുകാര്‍ക്കറിയാം. ആടിനെ പട്ടിയാക്കുന്ന പാര്‍ട്ടിയാണ്. സ്നേഹവും മര്യാദയും ലാളിത്യവും കരുണയുമൊന്നും സിപിഎമ്മില്‍നിന്നും പ്രതീക്ഷിക്കരുത്. അങ്ങനെ പ്രതീക്ഷിച്ചാല്‍ അതു സിപിഎം ആകില്ല. എന്തായാലും കോടിയേരിക്കു നല്ല കാലമല്ല. പാര്‍ട്ടിയിലെ ഗണകന്മാരെക്കൊണ്ട് ഒന്നു നോക്കിച്ചാല്‍ നന്ന്. എളമരം കരീമാണെങ്കില് കൂടുതല്‍ നല്ലത്. ഇതൊന്നും പോക്കണം കേടല്ല. പണ്ട് പൂമൂടല്‍ വിവാദം സൃഷ്ടിച്ച ആളല്ലേ കോടിയേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: