ക്രിസ്ത്യന്‍ കോളേജുകളില്‍ ഫീസ് 4.85 ലക്ഷം

Tuesday 31 October 2017 11:56 pm IST

തിരുവനന്തപുരം: നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് 4.85 ലക്ഷം ആയി നിശ്ചയിച്ച് ഫീസ് റഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു ഉത്തരവിറക്കി. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍കോളേജ്, തൃശൂര്‍ അമല, ജൂബിലി, കോട്ടയം പുഷ്പഗിരി കോളേജുകളിലെ ഫീസാണ് പുനര്‍ നിശ്ചയിച്ചത്. അഞ്ചുലക്ഷം ഫീസും ആറുലക്ഷം ബാങ്ക് ഗ്യാരണ്ടിയിലുമാണ് നാലു കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. കമ്മീഷന്‍ 15,000 രൂപ കുറച്ചാണ് ഫീസ് പുനര്‍ നിര്‍ണയിച്ചത്. അടുത്ത വര്‍ഷം 5.60 ലക്ഷമാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷവും അടുത്ത വര്‍ഷം 20 ലക്ഷവുമാകും. പുതിയ ഫീസ് തൃപ്തികരമല്ലെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അറിയിച്ചു. നിലവിലുള്ള കേസുകളുടെ വിധി വന്നതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ തീരുമാനം. ഫീസ് റഗുലേറ്ററി കമ്മീഷന്‍ ആദ്യം നിശ്ചയിച്ച അഞ്ച് ലക്ഷം തള്ളിക്കളഞ്ഞാണ് ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ആഗസ്ത് 30 ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. ഒക്‌ടോബറില്‍ 22 മെഡിക്കല്‍ കോളേജുകളുടെയും ഫീസ് നിര്‍ണയം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ അഞ്ച് കോളേജുകളുടെ ഫീസ് മാത്രമാണ് കമ്മീഷന് നിശ്ചയിക്കാനായത്. സെപ്തംബര്‍ 28 ന് കോഴിക്കോട് കെഎംസിടി മെഡിക്കല്‍കോളേജിന് 4.56 ലക്ഷം ഫീസ് നിശ്ചയിച്ച് നല്‍കി.ഫീസ് തൃപ്തികരമല്ലാത്തതിനാല്‍ കോളേജ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. ഒരു മാസത്തിനുശേഷമാണ് നാല് കോളേജുകളുടെ ഫീസ് നിര്‍ണയം കൂടി ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. ഇനി 17 മെഡിക്കല്‍കോളേജുകളുടെ ഫീസ്‌കൂടി നിശ്ചയിക്കണം. അത് നവംബറിലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് അറിയുന്നത്. കോളേജുകളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചാണ് ഫീസ് ഘടന തീരുമാനിക്കുന്നത്. അടിയന്തിരമായി പുതിയഫീസ് നിശ്ചയിച്ച് സുപ്രീംകോടതിയെ അറിയിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം മുഴുവന്‍ അഞ്ച് ലക്ഷം ഫീസിലും ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയിലും പഠിക്കേണ്ടിവരും. ഫീസ് റഗുലേറ്ററി കമ്മീഷന്‍ ഫീസ് പുനര്‍നിര്‍ണയിച്ച് നല്‍കുമെന്ന വിശ്വാസത്തില്‍ കിടപ്പാടം പണയപ്പെടുത്തിയാണ് പലരും ബാങ്ക് ഗ്യാരണ്ടി ഉള്‍പ്പെടെ സംഘടിപ്പിച്ച് പ്രവേശനം നേടിയത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.